വനം വാച്ചര്‍ രാജനെ കണ്ടെത്താന്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടും

rajan
SHARE

സൈലന്റ് വാലിയില്‍ നിന്ന് പന്ത്രണ്ട് ദിവസം മുന്‍പ് കാണാതായ വനം വാച്ചര്‍ രാജനെ കണ്ടെത്താന്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കേരള വനാതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കും രാജനായുള്ള തെരച്ചില്‍ വിപുലമാക്കാനാണ് ശ്രമം. രാജനെ കണ്ടെത്താനുള്ള അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായും വനംമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഈമാസം രണ്ടിനാണ് സൈരന്ധ്രിയിലെ താമസസ്ഥലത്ത് നിന്ന് രാജനെ കാണാതായത്. രാജന്റേതെന്ന് കരുതുന്ന വസ്ത്രം, ചെരുപ്പ്, ടോര്‍ച്ച് എന്നിവ സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. രാജനെ വന്യമ‍ൃഗങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത ആദ്യം സംശയിച്ചു. പിന്നീട് വനംവകുപ്പിന്റെ വിശദമായ പരിശോധനയില്‍ വന്യമൃഗ ആക്രമണത്തിന്റെ യാതൊരു ലക്ഷണവും കണ്ടെത്താനായില്ല. തണ്ടര്‍ ബോള്‍ട്ടും വനപാലകരും സന്നദ്ധപ്രവര്‍ത്തകരും സൈലന്റ് വാലി വനമേഖലയില്‍ വ്യാപകമായി തെരഞ്ഞു. നിരാശയായിരുന്നു ഫലം. അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാട് പൊലീസിന്റെയും സഹായം തേടിയത്. 

അന്വേഷണത്തിനിടെ രാജന്റെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ സംശയിക്കാവുന്ന യാതൊന്നും ഫോണ്‍വിളി രേഖകളില്‍ നിന്ന് കിട്ടിയിട്ടില്ല. വനംവകുപ്പിന്റെ െചറുസംഘം ഇപ്പോഴും സൈലന്റ് വാലിയില്‍ രാജനെക്കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

MORE IN KERALA
SHOW MORE