യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

murder
SHARE

ഒറ്റപ്പാലത്ത് യുവാവിനെ കൊന്നു കുഴിച്ചു മൂടിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ലക്കിടി മംഗലം കേലത്ത് ആഷിഖ് കൊല്ലപ്പെട്ട കേസിലാണ് അന്വേഷണ സംഘം ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നല്‍കിയത്. ആഷിഖിന്റെ സുഹൃത്ത് ഫിറോസ് ബന്ധു സുഹൈല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 

കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് ആഷിഖിന്റെ മൃതദേഹം പാലപ്പുറം അഴീക്കിലപറമ്പിനു സമീപത്തെ വിജനമായ വളപ്പിൽ നിന്നു കണ്ടെത്തിയത്. ആഷിഖിന്റെ സുഹൃത്ത് മുഹമ്മദ് ഫിറോസ് മറ്റൊരു കേസിൽ പട്ടാമ്പി പൊലീസിന്റെ പിടിയിലായതിനു പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു ഡിസംബറിൽ നടത്തിയ ദുരൂഹമായ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തൽ. പൊലീസിന്റെ തുടരന്വേഷണത്തിനിടെയാണ് പാലപ്പുറം സ്വദേശി സുഹൈൽ പിടിയിലായത്. ഫിറോസിന്റെ ബന്ധുവാണ് സുഹൈൽ. സംഭവ സമയത്തും പാലപ്പുറത്തു മൃതദേഹം കുഴിച്ചുമൂടുമ്പോഴുമെല്ലാം സുഹൈലിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇരുവരും റിമാൻഡിലാണ്.

ഈസ്റ്റ് ഒറ്റപ്പാലത്തിനു സമീപത്തെ വിജനമായ വളപ്പിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചെന്നാണു കേസ്. കുറ്റപത്രത്തില്‍ സമാനമായ കണ്ടെത്തലാണ്. കൊലപാതകത്തിനു ശേഷം ഇരുവരും ചേർന്നാണു മൃതദേഹം പാലപ്പുറത്തെത്തിച്ചു കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ 87 പേരാണ് സാക്ഷികൾ. ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ വി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

MORE IN KERALA
SHOW MORE