കോളജ് അധ്യാപകർക്ക് ക്ഷാമബത്ത നൽകുന്നില്ലെന്ന് ആക്ഷേപം

college-da
SHARE

കോളജ് അധ്യാപകര്‍ക്ക് അര്‍ഹമായ ക്ഷാമബത്ത നല്‍കുന്നില്ലെന്ന് ആക്ഷേപം. അതേസമയം ഐ.എ.എസ്, ഐ.പിഎസ് കാഡറുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡി.എ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. മൂന്നു വര്‍ഷമായി സര്‍ക്കാര്‍  ക്ഷാമബത്ത അനുവദിക്കാത്തത് വിവേചനമാണെന്ന് കാണിച്ച് സ്വകാര്യകോളജ് അധ്യാപകര്‍ സമരത്തിന് ഒരുങ്ങുകയാണ്.  

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മാത്രം  ക്ഷാമബത്ത നല്‍കിക്കൊണ്ട് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍  സിംങ് പുറപ്പെടുവിച്ച   ഉത്തരവാണ് കോളജ് അധ്യാപകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 26 നാണ് ഉത്തരവിറങ്ങിയത്. കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്തക്ക് അർഹതയുള്ള കോളജ് അധ്യാപകര്‍ നിരന്തരമായി അവഗണിക്കപ്പെടുകയാണെന്നാണ് പരാതി ഉയരുന്നത്.  2019 മുതൽ കോളേജ് അധ്യാപകർക്ക് അർഹതപ്പെട്ട ക്ഷാമബത്ത സംസ്ഥാനസർക്കാർ അനുവദിക്കുന്നില്ല. അതേസമയം  കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന മുറയ്ക്ക്  ഐഎഎസ്, ഐപിഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രം ക്ഷാമബത്ത നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ്  അധ്യാപകര്‍ പറയുന്നത്.  

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷം കൂടുമ്പോൾ ശമ്പളപരിഷ്കരണം നടപ്പിലാക്കാറുണ്ട്. യുജിസി നിയമമനുസരിച്ച് പത്തു വർഷം കൂടുമ്പോൾ  കോളേജ് അധ്യാപകർക്ക് ശമ്പളം വര്‍ധിപ്പിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍  15 വർഷം കൂടുമ്പോൾ ആണ് ശമ്പളപരിഷ്ക്കരണം ഉണ്ടാകുന്നതെന്ന്  അധ്യാപകര്‍ പറയുന്നു.  പി എച്ച് ഡി , യുജിസി നെറ്റ്  എന്നീയോഗ്യതകളുള്ള യുജിസി അംഗീകൃത തസ്തികകളില്‍ജോലിചെയ്യുന്ന അധ്യാപകരോട് വിവേചനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്. 

MORE IN KERALA
SHOW MORE