
റെയിൽവേയുടെ ബാസ്ക്കറ്റ് ബോൾ താരം ലിത്താരയുടെ മരണം അന്വേഷിക്കുന്ന പട്ന പൊലീസ് അടുത്തദിവസം വടകരയിലെ വീട്ടിലെത്തി തെളിവെടുക്കും. ലിത്താരയുടെ മരണത്തിന് കാരണക്കാരനെന്ന് ആരോപണം ഉയര്‍ന്ന കോച്ച് രവി സിങ്ങിനെ റെയില്‍വേ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. 26 നാണ് പട്നയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ലിത്താരയെ കണ്ടെത്തുന്നത്.
മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കോച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ഇവരുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘം വടകരയിലെ വീട്ടിലെത്തുന്നത്. കോച്ചിന്റ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് ലിതാര സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
ഇവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. രവി സിങ് ഒളിവിലാണന്നാണ് പൊലീസിന്റ വിശദീകരണം. പട്ന സബ്ബ് ഡിവിഷണൽ പൊലീസ് ഓഫീസർ സജ്ഞയ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം റയിൽവേയുടെ ഭാഗത്ത് നിന്ന് കുടുംബത്തിന് ഇതുവരെയും സാമ്പത്തിക സഹായം അനുവദിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. ലിത്താരയുെട ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് കാരണമായ തെളിവുകൾ ഇതിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.