വിശുദ്ധപദവിയിലേക്ക് ദേവസഹായംപിള്ള; സന്തോഷത്തിൽ കാറ്റാടി മല

devasahayam2-03
SHARE

വാഴ്ത്തപ്പെട്ട ദേവസഹായംപിളളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ആഹ്ളാദത്തിലാണ് പിളള ജ്‍ഞാനസ്നാനം സ്വീകരിച്ച വടക്കന്‍കുളവും അദ്ദേഹത്തിന്റ അത്ഭുത പ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിച്ച പുലിയൂര്‍ക്കുറിശിയും. ഭൗതികദേഹം അടക്കം ചെയ്ത കോട്ടാര്‍ സെന്റ് സേവ്യേഴ്സ് പളളിയിലേയ്ക്കും തീര്‍ഥാടകരുടെ ഒഴുക്കാണ്. നാളെ  വത്തിക്കാനില്‍ ദേവസഹായംപിളളയെ വിശുദ്ധരുടെ പദവിയിലേയ്ക്ക്   ഉയര്‍ത്തും. 

ആയിരത്തി എഴുന്നൂറുകളിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന വടക്കന്‍കുളം പള്ളി  ദേവസഹായം പിള്ളയ്ക്കു ജ്ഞാനസ്നാനം നൽകിയ പള്ളി എന്ന നിലയിൽ പ്രസിദ്ധമാണിന്ന് ....ഹൈന്ദവനായിരുന്ന നീലകണ്ഠപിളളയാണ് ദേവസഹായംപിളളയായത്. 

ജാതിവ്യവസ്ഥ കര്‍ശനമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. ഉയര്‍ന്ന ജാതിയില്‍പെട്ട ഒരാള്‍ മതപരിവര്‍ത്തനം നടത്തുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്‍കൂട്ടികണ്ടാകണം ജന്മനാട്ടില്‍ നിന്ന് ദൂരെ മാറി വടക്കന്‍കുളത്തെത്തി നീലകണ്ഠപിളള മാമ്മോദീസാ സ്വീകരിച്ചത്. ഈ ജ്ഞാനസ്നാന സ്വീകരണത്തോടെ നീലകണ്ഠപിളളയുടെ ജീവിതം മാറിമറിഞ്ഞു.

ദേവാലയം നിർമിച്ച കാലഘട്ടത്തിൽ ജാതി വ്യവസ്ഥ സർവ സീമകളും ലംഘിച്ചിരുന്നുവെന്ന്  നിര്‍മാണഘടനയിൽ നിന്നു വ്യക്തമാണ്.  ഒരു വശത്ത് ഇരിക്കുന്നവർ മറു വശത്ത് ഇരിക്കുന്നവരെ കാണാത്ത രീതിയിലാണ് അള്‍ത്താരയുടെ നിര്‍മിതി. ഇത് സവര്‍ണര്‍ക്കും അവര്‍ണര്‍ക്കുമായി തിരിക്കപ്പെട്ടിരുന്നതാണെന്നാണ് ചരിത്രം. ക്രിസ്തീയ ജീവിതരീതിയേക്കുറിച്ച് ദേവസഹായം സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും ഇടയിൽ പ്രചരിപ്പിച്ചു. കീഴ്ജാതിക്കാരുമായി സഹകരിച്ചു. ഇതോടെ ഒരു വിഭാഗം ദേവസഹായം പിള്ളയ്ക്ക് എതിരായെന്നാണ് ചരിത്രം. കൊടിയ പീഡനങ്ങള്‍ക്ക് പിളളയെ വിധേയനാക്കി .പിളളയുടെ പീഡനവഴികളിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് പുലിയൂർക്കുറിശി മുട്ടിടിച്ചാൻ പാറ.  ദാഹംകൊണ്ട് വലഞ്ഞ പിള്ള, മുട്ടുകൾ കൊണ്ട് പാറയിൽ ഇടിക്കുകയും  അരുവി ഉദ്ഭവിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. കാററാടിമലയില്‍ വച്ച് വെടിയേററ് കൊല്ലപ്പെട്ട പിളളയെ സംസ്കരിച്ചിരിക്കുന്ന കോട്ടാര്‍ പളളിയിലും ഇന്ന് പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. 

സാധാരണക്കാരനായ ഒരാളുടെ മൃതദേഹം പള്ളിയുടെ അൾത്താരയുടെ മുമ്പില്‍  സംസ്കരിച്ചതിൽ നിന്ന് ദേവസഹായം പിള്ളയെ  അക്കാലത്തു തന്നെ പുണ്യാത്മാവായി കരുതിരുന്നുെവന്ന് വിലയിരുത്താം. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്ന ചടങ്ങുകള്‍. 

MORE IN KERALA
SHOW MORE