
കോഴിക്കോട് തൊട്ടില്‍പാലത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍. പുതിയറ സ്വദേശി മക്ബൂല്‍, പൊങ്ങന്നൂര് സ്വദേശി ജറീസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അറസ്റ്റിലായതറിഞ്ഞ് തട്ടിപ്പിനിരയായ ഒട്ടേറെപേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.
ബവ്റിജസ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. തിങ്കളാഴ്ച തൊട്ടിൽപ്പാലത്തെ മദ്യശാലയില്‍ മദ്യം വാങ്ങി പോവുകയായിരുന്ന കക്കട്ട് സ്വദേശിയ പിന്തുടര്‍ന്ന പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്നും അളവിൽ കൂടുതൽ മദ്യം കൈവശമുള്ളതിനാല്‍ കേസെടുക്കുമെന്നും അറിയിച്ചു.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെട്ട പ്രതികള്‍ പരാതിക്കാരന്റ കൈവശമുണ്ടായിരുന്ന 5,300 രൂപയും സ്വർണ്ണമോതിരവും മദ്യവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പരാതിക്കാരന് പൊലീസിനെ സമീപിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും പരാതിക്കാരന് തിരിച്ചറിഞ്ഞു. ഇതുപോലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് നിഗമനം. ഇവർക്കെതിരെ മോഷണക്കേസുകളും നിലവിലുണ്ട്.