ഭാര്യയെ കൊന്ന് ഭർത്താവിന്റെ ആത്മഹത്യ; ഫോൺ വിളിയെച്ചൊല്ലി തർക്കമെന്ന് സംശയം

ayarkunnam-suicide
SHARE

അടച്ചിട്ട വീട്ടിൽ ദമ്പതികളുടെ മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരാണു മരിച്ചത്. സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്.ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം സുധീഷ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറയുന്നു. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു.

  

വിദേശത്തു നിന്നു 2 മാസം മുൻപ് അവധിക്കെത്തിയതാണ് സുധീഷ്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാ‌ഴ്‌ച തിരുവനന്തപുരത്തേക്കു പോയിരുന്നു. മകനെ സുധീഷിന്റെ ചേട്ടൻ ഗീരിഷിന്റെ വീട്ടിൽ ആക്കിയ ശേഷമാണ് ഇവർ പോയത്. ഇന്നലെ രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നു കരുതുന്നു.

സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി ഇന്നലെ രാവിലെ അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞു. കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറന്നില്ല. തുടർന്ന് നാട്ടുകാർ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് എത്തി വീടു തുറന്നു. ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി.

കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്. സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.മൃതദേഹം ഇന്നു  ബന്ധുക്കൾക്കു വിട്ടു നൽകും.

ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.

        

MORE IN KERALA
SHOW MORE