എംസി റോഡിന് നടുവിൽ അനങ്ങാനാകാതെ പെരുമ്പാമ്പ്; വാഹനം നിർത്തി വഴിയൊരുക്കി യാത്രക്കാർ

രാത്രി എംസി റോഡ് കുറുകെ കടക്കുന്നതിനിടെ മുന്നോട്ടു പോകാനാകാതെ കിടന്ന പെരുമ്പാമ്പിനെ മറുകരയെത്തിച്ച് വഴിയാത്രക്കാർ. കൂത്താട്ടുകുളം– മൂവാറ്റുപുഴ റൂട്ടിൽ ആറൂർ കനാലിനു സമീപം രാത്രി പത്തരയോടെയായിരുന്നു സംഭവം. റോഡിനു നടുവിൽ അനങ്ങാനാവാത്ത നിലയിലായിരുന്നു പാമ്പ്.

വാഹനങ്ങൾ പാമ്പിനെ ഒഴിവാക്കി വെട്ടിച്ച് കടന്നു പോവുന്നതിനിടെ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ഈ സമയം മക്കളോടൊപ്പം കാറിൽ ഇതുവഴി വന്ന ഇടുക്കി രാജകുമാരി എൻഎസ്എസ് കോളജ് അധ്യാപിക കൂത്താട്ടുകുളം ചോരക്കുഴി പച്ചിലക്കാട്ട് ബിൻസി എൽദോ കാർ റോഡിന് നടുവിൽ നിർത്തി മറ്റു വാഹനങ്ങൾ തടഞ്ഞ് വഴിയൊരുക്കി.

പക്ഷേ പാമ്പ് ഭയന്ന നിലയിൽ റോഡിനു നടുവിൽ ചുരുണ്ടു കിടക്കുകയായിരുന്നു. തുടർന്ന് ബിൻസി പൊലീസിനെ വിളിച്ചു. അവർ വിവരം വനപാലകർക്ക് കൈമാറാമെന്ന് അറിയിച്ചു. ഇതിനിടെ നാട്ടുകാരിൽ ചിലരും എത്തി. വാഹനങ്ങളിൽ വന്ന മറ്റുള്ളവരുടെയും സഹായത്തോടെ കമ്പ് ഉപയോഗിച്ച് പാമ്പിനെ റോഡിനു നടുവിൽ നിന്ന് തള്ളി നീക്കിയതോടെ അത് ഇഴഞ്ഞ് പൊന്തക്കാട്ടിൽ മറഞ്ഞു. പുറമേ പരുക്കുകളൊന്നും ഇല്ലെങ്കിലും നേരത്തെ കടന്നു പോയ വാഹനങ്ങളിലൊന്ന് തട്ടിയാണോ പാമ്പ് ഭയന്നു കിടന്നതെന്ന് സംശയമുണ്ട്.