ബജറ്റിൽ ഇടം പിടിച്ച് മനോരമ ന്യൂസിന്റെ കുട്ടനാട് ലൈവത്തോൺ; പ്രതീക്ഷയിൽ നാട്ടുകാർ

മനോരമ ന്യൂസ്  സംഘടിപ്പിച്ച കുട്ടനാടിനായി ഒരു വാര്‍ത്താദിനം  ലൈവത്തോണില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന ബജറ്റിലും ഇടം പിടിച്ചു. രണ്ടാം കുട്ടനാട് പാക്കേജ്, നെല്‍കൃഷി വ്യാപനം, വെള്ളപ്പൊക്കനിയന്ത്രണം, ജലാശയങ്ങളുടെ ആഴംകൂട്ടല്‍  എന്നിവയടക്കമുള്ള പദ്ധതികള്‍ക്കായി  പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയിലാണ് കുട്ടനാട്ടുകാര്‍.

കുട്ടനാടിനുവേണ്ടി  മനോരമ ന്യൂസ് സംഘടിപ്പിച്ച ലൈവത്തോണില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന ബജറ്റിലും ഇടപംപിടിച്ചു . വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യവകസനത്തിനുമായി 140 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്, രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നടപ്പാക്കുക,രാമങ്കരി, എടത്വ, ചമ്പക്കുളം,നീലംപേരൂര്‍,കൈനകരി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും,കനാലുകളുടെ ആഴംകൂട്ടല്‍,പുറം ബണ്ട് നിര്‍മാണം, സംരക്ഷണഭിത്തി,എന്‍ജിന്‍തറ,എന്‍ജിന്‍ഷെഡ് എന്നിവ നിര്‍മിക്കുന്നതിനുള്ള  20 കോടി രൂപയുടെ പുതിയ പദ്ധതിയും  പ്രഖ്യാപിച്ചു. . കുട്ടനാടന്‍ പാടശേഖരങ്ങളിലെ വിളനാശം കുറച്ച് നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 54 കോടിയും അനുവദിച്ചു, ആലപ്പുഴ,കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്കഭീഷണി ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 33 കോടി രൂപയും നീക്കിവച്ചിട്ടുണ്ട് .

തോട്ടപ്പള്ളിയ്ക്കു സമീപമുള്ള പമ്പാ നദീതീരങ്ങളിലെ  വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിക്ക് അഞ്ചുകോടിയും അനുവദിച്ചു. നെല്‍കൃഷി വികസനത്തിന് 76 കോടി രൂപ അനുവദിച്ചത് കുട്ടനാടിന് ഏറെ ഗുണമാകും. നെല്ലിന്‍റെ താങ്ങുവില കിലോഗ്രാമിന് 28 രൂപ 20 പൈസയായി ഉയര്‍ത്തിയതും കര്‍ഷകര്‍ക്ക് സഹായമാകും.താങ്ങുവില വര്‍ധിപ്പിക്കുന്നതിന് 50 കോടി വകയിരുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ വിളനശിച്ചവര്‍ക്ക് അടിയന്തരസഹായം നല്‍കുന്നതിന് ഏഴരക്കോടിയും  വിളഇന്‍ഷുറന്‍സ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമായി 30 കോടിയും അനുവദിച്ചത് കുട്ടനാടന്‍കര്‍ഷകര്‍ക്ക് സഹായമാകും .വേമ്പനാട് കായല്‍ ശുചീകരണത്തിനും  ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ട്.