ഐഎഎസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലേക്ക് മാറ്റാം; എതിർത്ത് കേരളം

ias-cadre
SHARE

ഐ.എ.എസ്. ഉദ്യോഗസ്ഥരെ എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റാന്‍ അധികാരം നല്‍കുന്ന ചട്ടഭേദഗതിയെ എതിര്‍ത്ത് കേരളം തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ഐ.എ.എസുകാരെ കേന്ദ്ര സര്‍വീസിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. ഇത് സംസ്ഥാനത്തിന്‍റെ അധികാരം കവരുന്നതാണെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്ന് നിയമമന്ത്രി പി.രാജീവ് മനോരമ ന്യൂസിനോടുപറഞ്ഞു. 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ചട്ടങ്ങളിലെ ഭേഗദതിയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ചൊവ്വാഴ്ചക്കു മുന്‍പ് അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര  പേഴ്സണേല്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.  കരട് നിര്‍ദേശങ്ങളനുസരിച്ച് ഏത് ഉദ്യോഗസ്ഥനെയും എപ്പോള്‍ വേണമെങ്കിലും കേന്ദ്ര സര്‍വീസിലേക്ക്  മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും. ഡെപ്യൂട്ടേഷനെ കുറിച്ച്  സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായമോ ഉദ്യോഗസ്ഥരുടെ സൗകര്യമോ കണക്കിലെടുക്കേണ്ടതില്ല. ഇത് തീര്‍ത്തും അസ്വീകാര്യമാണെന്ന അഭിപ്രായം കേരളം കേന്ദ്രത്തെ അറിയിക്കും. 

ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതി നിര്‍ദേശങ്ങളെന്ന് നിയമമമന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനങ്ങളാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും അവരുടെ സേവനം നിയന്ത്രിക്കുന്നതും. അത് കണക്കാക്കാതെയുള്ള നീക്കം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണെന്നും നിയമമന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. സീനിയര്‍, ജയൂനിയര്‍ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് സംസ്ഥാനത്ത് ജോലിചെയ്യുന്ന ഐ.എഎസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഡ്യൂട്ടിയിലേക്ക് മാറ്റാനാവുന്ന സ്ഥിതി സംസ്ഥാനങ്ങളിലെ ഭരണ സംവിധാനത്തെ അട്ടിമറിക്കുമെന്ന അഭിപ്രായവും സര്‍ക്കാരിനുണ്ട്. ഇപ്പോഴുള്ള സര്‍വീസ് ചട്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാരിനും അവിടെ സേവനം അനുഷ്ഠിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും താല്‍പര്യമുണ്ടെങ്കില്‍മാത്രമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റുക. 

MORE IN KERALA
SHOW MORE