മകന്റെ മടങ്ങിവരവും കാത്ത് ഇനി ശബരിമുത്തില്ല; നെഞ്ചുപൊട്ടി യാത്രയായി ആ അച്ഛൻ

palakkad-missing
SHARE

മകന്റെ മടങ്ങി വരവിനായി ഓരോദിവസവും കണ്ണീരോടെ കാത്തിരുന്ന ശബരിമുത്തിന് അകാലചരമം. അഞ്ച് മാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ പാലക്കാട് ചപ്പക്കാട് പട്ടികജാതി കോളനിയില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളില്‍ സാമുവല്‍ എന്ന സ്റ്റീഫന്റെ പിതാവാണ് മരിച്ചത്. മകന്റെ തിരോധാനം കുടുംബത്തെയും ശബരിമുത്തിനെയും വല്ലാതെ തളര്‍ത്തിയെന്ന് ബന്ധുക്കള്‍. 

ഒറ്റമുറി വീട്ടിലെ സുരക്ഷിതത്വം മാത്രമായിരുന്നു മകന്‍ ആഗ്രഹിച്ചിരുന്നത്. ഒരുദിവസം പോലും ‍‍വീട് വിട്ട് മാറിനില്‍ക്കാത്ത പ്രകൃതം. അങ്ങനെ മാത്രം അനുഭവമുള്ള സ്റ്റീഫന്റെ തിരോധാനം ശബരിമുത്തിനെ ചെറുതായൊന്നുമല്ല തളര്‍ത്തിയത്. വഴിക്കണ്ണുമായി കാത്തിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച് രാപകല്‍ വ്യത്യാസമില്ലാതെ അടുത്ത പറമ്പുകളിലും ബന്ധുവീടുകളിലും നേരിട്ടെത്തി അന്വേഷിച്ചു. ഒരു രാത്രിയില്‍ അപ്പാ എന്ന് വിളിച്ച് മകന്‍ കയറിവരുമെന്നായിരുന്നു ശബരിമുത്തിന്റെ പ്രതീക്ഷ. ആഴ്ചയും കടന്ന് മാസം അഞ്ച് പിന്നിടുമ്പോള്‍ കരച്ചില്‍ മാത്രമായി. ആഹാരം പോലും ഉപേക്ഷിച്ച് കിടപ്പായി. ഉദര രോഗത്തിന്റെ പിടിയില്‍പ്പെട്ട് അകാലചരമം. അന്ത്യകര്‍മം ചെയ്യാന്‍ മുന്നിലുണ്ടാകേണ്ട മകന്‍ അപ്പോഴും കാണാമറയത്ത്. 

സാമുവല്‍ എന്ന സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ ഓഗസ്റ്റ് മുപ്പതിന് രാത്രിയോടെയാണ് കാണാതായത്. നിരവധിപേരെ ചോദ്യം ചെയ്തു. സമീപ ഇടങ്ങളില്‍ പൊലീസ് അന്വേഷിച്ചിട്ടും തിരോധാനത്തെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. ഇപ്പോഴും അന്വേഷണം ഊര്‍ജിതമായി തുടരുന്നുവെന്നാണ് പൊലീസ് നിലപാട്. 

MORE IN KERALA
SHOW MORE