'വീട്ടിലേക്കുള്ള വഴിയേതാ മക്കളേ'; ലക്ഷ്മിയമ്മയക്ക് രക്ഷകരായി കുട്ടികൾ

kids
SHARE

വീട്ടിലേക്കുള്ള വഴിയറിയാതെ റോഡരികിൽ വിഷമിച്ചു നിന്ന മുത്തശ്ശിക്കു കുട്ടിക്കൂട്ടം രക്ഷകരായി. മാഞ്ഞൂർ  ഇരവിമംഗലത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ ലക്ഷ്മിയമ്മയെയാണ് (80) കുട്ടികളുടെ ഇടപെടൽ മൂലം പാലകരയിൽ നിന്നു വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45നാണു സംഭവം. ഓർമക്കുറവുള്ള ലക്ഷ്മിയമ്മ ഇരവിമംഗലത്തു നിന്നു വഴി തെറ്റി പാലകര ജംക്‌ഷനിൽ  എത്തി. സമീപത്തെ പുരയിടത്തിൽ നിന്നു കളി കഴിഞ്ഞു വരികയായിരുന്ന  നോഹൽ ജോർജ്, (16),  അൽഫോൻസ് ജേക്കബ് സജി (12), ആഷിൻ തോമസ് (12),  നിവേദ് ജി.വിനോദ് (10)  എന്നിവർ ലക്ഷ്മിയമ്മയെ കണ്ടു. 

വീട്ടിലേക്കുള്ള വഴി ഏതാണു മക്കളേയെന്ന് ലക്ഷ്മിയമ്മ കുട്ടികളോടു  ചോദിച്ചു. നടക്കാൻ കഴിയില്ലെന്നും കിടക്കണമെന്നും പറഞ്ഞു. കുട്ടികൾ സമീപത്തെ വീട്ടിൽ പോയി ഫോൺ വാങ്ങി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു. സമീപമുള്ള അൽഫോൻസിന്റെ വീട്ടിലും വിവരം പറഞ്ഞു. സ്ഥലത്ത് എത്തിയ അൽഫോൻസിന്റെ പിതാവ് ഞീഴൂർ സെന്റ് ജോസഫ് എൽപി സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായ സജി വിവരം  പഞ്ചായത്തംഗം ഷീജ സജിയെ അറിയിച്ചു.  പഞ്ചായത്തംഗവും പൊലീസും ലക്ഷ്മിയമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാഞ്ഞൂർ പഞ്ചായത്ത് അംഗം പ്രത്യുക്ഷ സുരയെ വിളിച്ചു വിവരം കൈമാറി. 

lakshmi-amma

ലക്ഷ്മിയമ്മയെ കാണാതെ തിരച്ചിലിലായിരുന്നു അയൽവാസികൾ. പ്രത്യുക്ഷ സുര വാഹനത്തിൽ പാലകരയിലെത്തി ലക്ഷ്മിയമ്മയെ കൂട്ടിക്കൊണ്ടുപോയി. ഇവരെ ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു. ലക്ഷ്മിയമ്മ തനിച്ചാണു താമസം. മകൾ കുടുംബവുമൊത്തു ചങ്ങനാശരിയിലാണ്. മകളുടെ വീട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞാണ്  ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്.

MORE IN KERALA
SHOW MORE