ജസ്റ്റിസ് ഹേമ ശുപാർശകൾ ഉൾപ്പെടുത്തി നിയമനിർമാണം നടത്തും; മന്ത്രി പി രാജീവ്

rajivwb
SHARE

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്രനിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് നിയമ മന്ത്രി പി. രാജീവ്. WCC അംഗങ്ങളുമായി പി. രാജീവ് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. നിയമനിര്‍മാണത്തിന് മുന്‍പ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളേയും കണ്ടെത്തലുകളേയും കുറിച്ച് WCCയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. 

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി 2017ല്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി 2019ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നിലെയാണ് കമ്മിറ്റിയെ നിയമിച്ചതും. എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളോ കണ്ടെത്തലുകളോ സര്‌ക്കാര്‍ പുറത്ത് വിടാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഡബ്ല്യുസിസി  അംഗങ്ങള്‍ കഴിഞ്ഞയാഴ്ച വനിതാകമ്മിഷന്‍ അധ്യക്ഷയുമായി കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ എന്‍ക്വയറി കമ്മിഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റി അല്ലാത്തതിനാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം. ഇതോടെയാണ് നിയമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഡബ്ല്യുസിസി തീരുമാനിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്നും കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മാണം ഉണ്ടാകുമെന്നും മന്ത്രി പി. രാജീവ് ഡബ്ല്യുസിസിക്ക് ഉറപ്പ് നല്‍കി.നിയമനിര്‍മാണത്തിന ്മുന്‍പായി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും ഡബ്ല്യുസിസി ആവശ്യം ഉന്നയിക്കുന്നു.റിമ കല്ലിങ്കല്‍, രഞ്ജിനി, സംഗീതാ ജനചന്ദ്രന്‍ ,ആഷാ അച്ചി ജോസഫ്, ദിവ്യ ഗോപിനാഥ് എന്നിവരാണ് ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് മന്ത്രിയുമായി ചര്ച്ച നടത്തിയത്.

MORE IN KERALA
SHOW MORE