തീറ്റയില്ല; പരസ്പരം കൊത്തിത്തിന്ന് ചാവുന്ന കോഴികൾ; ദുരന്തക്കാഴ്ച

chickenfeedwb
SHARE

തീറ്റ ലഭിക്കാതായതോടെ പരസ്പരം കൊത്തിത്തിന്ന് ചാവുകയാണ് സംസ്ഥാന സർക്കാറിന്‍റെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി വളര്‍ത്തുന്ന ആയിരക്കണക്കിനു കോഴികള്‍. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റി മരുന്നും തീറ്റയും എത്തിക്കാതെ വന്നതോടെയാണ് ഈ ദുരന്തക്കാഴ്ച.  പേരിനു പോലും ഭക്ഷണം കിട്ടാതായതോടെ പരസ്പരം കൊത്തി വലിക്കുന്ന ദയനീയ ദൃശ്യങ്ങളാണിത്. മലപ്പുറം അമരമ്പലം പഞ്ചായത്തില്‍ 3 ഷെഡുകളുളള ഈ ഫാമിൽ അയ്യായിരത്തിലധികം കോഴികളുണ്ട്. 40 ദിവസമാണ് ഒരു കോഴിയുടെ വളർച്ച. ഫാമിലെ കോഴികൾക്ക് 32 ദിവസത്തെ വളർച്ചയുണ്ട്. എന്നാൽ 15 ദിവസം ആകുമ്പോൾ ലഭിക്കേണ്ട തീറ്റ പോലും ഇതുവരെയും നല്‍കിയിട്ടില്ല. തീറ്റ കിട്ടാതായതോടെ കോഴികൾ പരസ്പരം കൊത്തി ചാവുകയാണ്. ദിവസവും അൻപത് മുതൽ നൂറ് വരെ കോഴികളാണ് ഈ ഫാമില്‍ മാത്രം കൊത്തിച്ചാവുന്നത്. . 

ബ്രഹ്മഗിരി സംഘവുമായി ബന്ധപ്പെട്ടപ്പോൾ കർഷകരോട് തീറ്റ വാങ്ങി നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ തീറ്റ ഇനത്തിൽ ഭീമമായ തുക വരുന്നതുകൊണ്ട് താങ്ങാനാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവിൽ പച്ച വെള്ളം മാത്രമാണ് ഇവയുടെ ഭക്ഷണം. സംസ്ഥാനത്തെ 104 ഫാമുകളിലാണ് കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കോഴി വളര്‍ത്തുന്നത്. കുഞ്ഞുങ്ങളേയും, തീറ്റയും, മരുന്നുകളും സംഘം നൽകുന്നതുമാണ് പദ്ധതി. കോഴി വളർത്തി ഇറച്ചി പരുവമാവുന്നതോടെ തിരികെ നൽകി, കൂലി ഇനത്തിൽ എട്ട് രൂപ മുതൽ 11 രൂപ വരെ കർഷകർക്ക് നൽകുമെന്നതാണ് വ്യവസ്ഥ. കേരള ചിക്കന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഫാമുകളുടെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയതെന്ന് ബ്രഹ്മഗിരി സൊസൈറ്റി വ്യക്തമാക്കി.

MORE IN KERALA
SHOW MORE