നികുതിചോര്‍ച്ച ഒഴിവാക്കാന്‍ നടപടി; ചരക്കുസേവനനികുതി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു

gstwb
SHARE

നികുതിചോര്‍ച്ച ഒഴിവാക്കാന്‍ സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കുന്നു. ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ അതിലേക്ക് പുനര്‍വിന്യസിക്കും. ഇതിന് പുറമെ ഇന്‍റലിജന്‍സ് വിഭാഗത്തിനും മുന്‍തൂക്കം നല്‍കുന്ന പരിഷ്കരണത്തിന്‍റെ വിശദാംശങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിക്കും. 

ചരക്കുസേവനനികുതി പിരിവ് പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിന് ഒരു കാരണം നികുതി ചോര്‍ച്ചയാണെന്ന വിലയിരുത്തലാണ് ധനവകുപ്പിന്. പരിഹാരമായി ചരക്കുസേവനനികുതി വകുപ്പിന്‍റെ പുനസംഘടന കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായി മുന്നോട്ടുപോയിരുന്നില്ല. നികുതി ചോര്‍ച്ച കണ്ടെത്താന്‍ ഓഡിറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നടപടിയിലേക്ക് നീങ്ങുകയാണ് നികുതി വകുപ്പ്. പുതുതായി രൂപീകരിക്കുന്ന ഓഡിറ്റ് വിങ്ങിനായി ജീവനക്കാരെ ഫലപ്രദമായി പുനര്‍വിന്യസിക്കും. ഓഡിറ്റ് വിഭാഗം രൂപീകരിച്ച് അതിലേക്ക് കൊണ്ടുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി റിട്ടേണ്‍ ഓഡിറ്റ് ചെയ്യുന്നതിനുള്ള പരിശീലനം നല്‍കും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ആദ്യഘട്ട പരിശീലനത്തിനുശേഷം ദേശീയ, രാജ്യാന്തരതലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായവും ലഭ്യമാക്കും. സ്ക്വാഡുകള്‍ വാഹനങ്ങളെ പിന്തുടര്‍ന്നുപിടിക്കുന്ന പരിപാടിയും അവസാനിക്കും. അതിന് പകരം ഇന്‍റലിജന്‍സ് ശക്തമാക്കാനാണ് തീരുമാനം. ഇവേബില്ലിന്‍റെ കൃത്യമായ പരിശോധന വഴി വെട്ടിപ്പ് തടയാനാകുമെന്നും വകുപ്പ് കരുതുന്നു. ഒരേ ഇ വേബില്‍ ഉപയോഗിച്ച് പത്തുതവണ സാധനം കൊണ്ടുവന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ആവശ്യമെങ്കില്‍ കടകളില്‍ മിന്നല്‍ പരിശോധനയും നടത്തും. 

MORE IN KERALA
SHOW MORE