തുരങ്കത്തിലെ ലൈറ്റ് തകര്‍ത്തു; ലോറിയെ കുടുക്കിയത് ‘ദൈവം’

tunnel-kuthiran
SHARE

ജനുവരി 20 രാത്രി 8.50ന് തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ ഒന്നാം തുരങ്കത്തില്‍ ഒരപകടമുണ്ടായി. പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേയ്ക്കു പ്രവേശിച്ച ടിപ്പര്‍ ലോറി ലൈറ്റുകളിലും കാമറകളിലും തട്ടി. 104 ലൈറ്റുകള്‍ തകര്‍ന്ന് തരിപ്പണമായി. ഇതിനു പുറമെ കാമറകളും. തൊണ്ണൂര്‍ മീറ്റര്‍ ദൂരത്ത് നാശനഷ്ടമുണ്ടായി. ലൈറ്റുകള്‍ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടതു കൊണ്ടാകണം ഡ്രൈവര്‍ ലോറിയുടെ പിന്‍ഭാഗം താഴ്ന്നിട്ടില്ലെന്ന് മനസിലാക്കിയത്. ഉടനെ, വണ്ടി നിര്‍ത്തി ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം താഴ്ത്തി. അപകടം നടന്നിട്ടില്ലെന്ന മട്ടില്‍ ലോറി ഓടിച്ച് ഡ്രൈവര്‍ മുന്നോട്ടു പോയി.

കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടി

രണ്ടു തുരങ്കങ്ങള്‍ക്കു സമീപത്തായി രാവും പകലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. ഇരുപത്തിനാലു മണിക്കൂറും കാമറകള്‍ നിരീക്ഷിക്കാന്‍ ആളുണ്ട്. ഒന്നാം തുരങ്കത്തിലെ വെളിച്ചം ഓഫായത് കണ്‍ട്രോള്‍ റൂം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ലോറി നിര്‍ത്താതെ പോയതും ഇവര്‍ കണ്ടു. ഉടനെ, കെ.എം.സി. കമ്പനിയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ലോറി തട്ടി ലൈറ്റ് തകര്‍ന്ന വിവരം കെ.എം.സി. ഉദ്യോഗസ്ഥര്‍ പൊലീസിനോട് ഫോണില്‍ വിളിച്ച് പറഞ്ഞു. പക്ഷേ, ഇത്രയധികം ലൈറ്റും കാമറയും തകര്‍ന്നത് പൊലീസ് അറിഞ്ഞതാകട്ടെ മനോരമ ന്യൂസിന്റെ വാര്‍ത്തയിലൂടെയായിരുന്നു.

പൊലീസ് സംഘം ഉണര്‍ന്നു

തുരങ്കത്തിലെ അപകടം വലിയ വാര്‍ത്തായയതോടെ പൊലീസിന്റെ തലപ്പത്ത് നിന്ന് വിളികളായി. ലോറി എത്രയും വേഗം കണ്ടെത്താന്‍ ‘ഉന്നതങ്ങളില്‍’ നിന്ന് നിര്‍ദ്ദേശമെത്തി. പീച്ചി ഇന്‍സ്പെക്ടര്‍ എസ്.ഷുക്കൂറും സംഘവും അന്വേഷണം തുടങ്ങി. ആദ്യം നോക്കിയത് കണ്‍ട്രോള്‍ റൂമിലെ സിസിടിവി കാമറകളായിരുന്നു. ഒന്നിലും തെളിച്ചമില്ല. ലോറി കടന്നുപോകുന്നത് മാത്രം കാണാം. നമ്പര്‍ പോലും വ്യക്തമായി മനസിലാക്കാന്‍ കഴിയാത്ത വിധമായിരുന്നു ദൃശ്യങ്ങള്‍

സൈബര്‍ സെല്ലിന് ദൃശ്യം നല്‍കി

സിസിടിവി കാമറ ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിച്ചു. സൂം ചെയ്ത് ലോറിയുടെ ഓരോ ഭാഗങ്ങളും തിരിച്ചറിയാനായിരുന്നു ശ്രമം. ലോറിയുടെ മുമ്പില്‍ മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് മനസിലായി. ഇത്, ഏറെ പണിപ്പെട്ട് പൊലീസ് സംഘം വായിച്ചെടുത്തു. ആ വാക്കുകള്‍ ഇങ്ങനെയയാിരുന്നു. ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ .

ലോറി ഉടമകളെ വിളിച്ചു വരുത്തി

ദേശീയപാത നിര്‍മാണത്തിനായി കരാര്‍ പ്രകാരം ഓടുന്ന എല്ലാ വണ്ടി ഉടമകളേയും പൊലീസ് വിളിച്ചു വരുത്തി. ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ ആരുടെ വണ്ടിയാണെന്ന് അന്വേഷിച്ചു. ഇരുമ്പുപാലം സ്വദേശി സജിയുടേതായിരുന്നു വാഹനം. അപകടം നടന്ന വിവരം അറിഞ്ഞ ശേഷം വണ്ടി പുറത്തിറക്കിയിട്ടില്ല. പൊലീസിന്റെ അന്വേഷണം തുടങ്ങിയപ്പോള്‍ കണ്‍ട്രോള്‍ റൂമിലെ സിസിടിവി കാമറ പരിശോധിക്കുമ്പോള്‍ ഈ വണ്ടിയുടെ ഉടമയും അവിടെ ഉണ്ടായിരുന്നു. ലോറി തിരിച്ചറിയാന്‍ പൊലീസിനൊപ്പം ഈ ഉടമയും ഉണ്ടായിരുന്നു. അവസാനം, ദൈവത്തിന്റെ സമ്മാനം പൊലീസിന്റെ കസ്റ്റഡിയിലായി.

അശ്രദ്ധ വരുത്തിയതിന് കേസ്

ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വണ്ടി ഓടിച്ചതിന് പീച്ചി പൊലീസ് കേസെടുത്തു. കാമറകളുടെ ഗുണനിലവാരം കൂട്ടാന്‍ കെ.എം.എസി കമ്പനിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN KERALA
SHOW MORE