'ഭൂമിയും വീടും നൽകും'; 100 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് അംബേദ്കര്‍ കോളനിക്കാർ

muthalamada
SHARE

പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് വസ്തുവും വീടും നല്‍കാന്‍ വഴിയൊരുക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം. അടുത്തമാസം ആദ്യവാരം മന്ത്രിതല ചര്‍ച്ചയ്ക്ക് അവസരമൊരുക്കി മുഴുവന്‍ ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്നും സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി അറിയിച്ചു. കലക്ടറേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചതായി സമരസമിതി നേതാക്കള്‍.

തൊണ്ണൂറ്റി രണ്ട് ദിവസം മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം. കഴിഞ്ഞ പത്ത് ദിവസമായി കലക്ടറേറ്റിന് മുന്നില്‍. നൂറ്റി രണ്ട് ദിവസത്തെ സമരം ഭാഗികമായെങ്കിലും വിജയം കണ്ടെന്നാണ് സമരസമിതി പറയുന്നത്. ശയനപ്രദക്ഷിണം, തലമുണ്ഠനം, പ്രതിഷേധ പൊങ്കല്‍ അങ്ങനെ വ്യത്യസ്ത സമരമുറകളുമായി നാല്‍പ്പത് കുടുംബങ്ങള്‍ ഒരേമനസോടെ. പിന്നാലെയാണ് കെ.ബാബു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ നേതൃത്വം സമരക്കാരെക്കണ്ടത്. ആവശ്യങ്ങള്‍ ന്യായമാണെന്നും അടുത്തമാസം ആദ്യവാരം മന്ത്രിതല ചര്‍ച്ചയില്‍ പരിഹാരം കാണാനുള്ള വഴിയൊരുക്കുമെന്നും ഉറപ്പ്. 

സമരം പിന്‍വലിച്ചതിന് പിന്നാലെ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സമരപ്പന്തലിലെത്തി. അര്‍ഹതയുണ്ടായിട്ടും രാഷ്ട്രീയ വിവേചനം കാരണം പട്ടികജാതി കുടുംബങ്ങളെ ബോധപൂര്‍വം സഹായം നല്‍കാതെ അകറ്റി നിര്‍ത്തുന്നുവെന്നായിരുന്നു സമരക്കാരുടെ പരാതി. വിവിധ രാഷ്ട്രീയ സാംസ്ക്കാരിക കൂട്ടായ്മകളും വ്യത്യസ്ത സമയങ്ങളില്‍ ഇവര്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. 

MORE IN KERALA
SHOW MORE