വീണ്ടും പുലിയിറങ്ങി; പന്തവും പടക്കവുമായി നാട്ടുകാർ; ആശങ്കയുടെ ആറാം ദിനം

tiger-fear
SHARE

കഴിഞ്ഞദിവസം രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ പാലക്കാട് ഉമ്മിനിയിലെ ജനവാസമേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാര്‍. സൂര്യനഗറിലെ തോട്ടത്തിലാണ് വൈകീട്ടോടെ പുലി നായയെ പിടിക്കാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് പന്തവും പടക്കവുമായി രാത്രിയില്‍ വിവിധയിടങ്ങളില്‍ തിരഞ്ഞു.

ഉമ്മിനിയിലെ ആശങ്ക ആറാം ദിവസവും ഒഴിയുന്നില്ല. ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് രണ്ട് പുലിക്കുഞ്ഞുങ്ങളെ ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ഒന്നരക്കിലോ മീറ്റര്‍ പരിധിയിലാണ് വീണ്ടും പുലിയെ കണ്ടത്. നായ്ക്കളെ പിടികൂടാനായിരുന്നു ശ്രമം. 

ചൂട്ട് കത്തിച്ചും ടോര്‍ച്ച് തെളിച്ചും നാട്ടുകാരുടെ നേതൃത്വത്തില്‍ പുലിക്കായി തെരച്ചില്‍ തുടങ്ങി. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.  പരിശോധനയില്‍ നേരത്തെ പുലി പിടികൂടിയതായിക്കരുതുന്ന നായ്ക്കളുടെ തലയോട്ടിയും കണ്ടെത്തി. പുലി ഉമ്മിനിയിലെ ജനവാസമേഖല വിട്ട് വനത്തിലേക്ക് മാറിയിട്ടില്ലെന്നും പിടികൂടി കാട്ടിലേക്ക് വിടാതെ ജനങ്ങളുടെ ആശങ്ക ഒഴിയില്ലെന്നും നാട്ടുകാര്‍. 

പലരുടെയും വളര്‍ത്തു നായ്ക്കള്‍ അടുത്തിടെ അപ്രത്യക്ഷമായതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്. പുലിപ്പേടിയില്‍ വളര്‍ത്തുനായ്ക്കളെ പലരും വീട്ടിനുള്ളില്‍ പൂട്ടി സുരക്ഷിതരാക്കി. രാത്രിയില്‍ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

MORE IN KERALA
SHOW MORE