മീൻ പിടിക്കാൻ കടലിലേക്ക്, കിട്ടിയത് ഒരു പോത്തിനെ; ജീവൻ രക്ഷിച്ച ചാരിതാർത്ഥ്യം

buffalowb
SHARE

പ്രാണരക്ഷാർഥം വെള്ളത്തിനു മുകളിലേക്ക് ഇടയ്ക്കിടെ തല ഉയർത്തുന്ന പോത്ത്, തീരത്ത് നിന്ന് 8 കിലോമീറ്റർ അകലെ പുറംകടലിൽ ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട ഈ കാഴ്ച, വർഷങ്ങളായി മത്സ്യബന്ധനം നടത്തുന്ന മുഖദാർ സ്വദേശി എ.ടി.ഫിറോസിന് അപ്രതീക്ഷിതമായിരുന്നു.

കോതി നൈനാംവളപ്പ് തീരത്ത് നിന്നു പുറപ്പെട്ട ഫിറോസും സുഹൃത്തുക്കളായ എ.ടി.സക്കീറും ടി.പി.പുവാദും പുലർച്ചെ 2ന് വലയിടുന്നതിനിടെ അസാധാരണമായൊരു ശബ്ദം കേട്ടപ്പോഴാണ് ടോർച്ചടിച്ചു നോക്കിയത്. പോത്തിനെ രക്ഷപ്പെടുത്താൻ നിന്നാൽ മീൻപിടിത്തം മുടങ്ങുമെന്നു മനസ്സിലായെങ്കിലും മിണ്ടാപ്രാണിയെ കടലിൽ ഉപേക്ഷിക്കാൻ ഫിറോസിനും കൂട്ടുകാർക്കും മനസ്സ് വന്നില്ല. ഒടുവിൽ കടലിൽ വിരിച്ച വല തിരികെ അറഫ ഷദ എന്ന വള്ളത്തിലേക്കു വലിച്ചുകയറ്റി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, അതത്ര എളുപ്പമായിരുന്നില്ല. 

പോത്ത് പേടിച്ചു വള്ളത്തിൽ നിന്ന് അകലേക്കു പോവുകയായിരുന്നു. അധികം അകലെയല്ലാതെ മീൻപിടിക്കുകയായിരുന്ന എ.ടി.റാസി, ദിൽഷാദ് എന്നിവരുടെ വള്ളത്തെ ഇവർ സഹായത്തിനു വിളിച്ചു. തുടർന്നു കടലിലേക്കു കയറുമായി ചാടിയ റാസി, ഏറെ സമയത്തെ പരിശ്രമത്തിനു ശേഷം പോത്തിനെ പിടിച്ചുകെട്ടി വള്ളവുമായി ബന്ധിപ്പിച്ചു. പോത്ത് താഴ്ന്നുപോകാതിരിക്കാൻ ശരീരത്തോടു ചേർത്തു കന്നാസുകളും വച്ചുകെട്ടി. പിന്നീട് വള്ളത്തിൽ മെല്ലെ വലിച്ചു തീരത്തേക്കു കൊണ്ടുവന്നു. മണിക്കൂറുകളെടുത്ത് ഇന്നലെ രാവിലെ 8 മണിയോടെയാണ് ഇവർ നൈനാംവളപ്പ് തീരത്തെത്തിയത്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയെങ്കിലും പോത്തിനെ കടലിൽ മുങ്ങിച്ചാകാൻ വിട്ടുകൊടുക്കാതിരുന്നതിന്റെ ചാരിതാർഥ്യം 5 പേർക്കുമുണ്ടായിരുന്നു. വൈകിട്ട് കുറ്റിച്ചിറ സ്വദേശിയായ ഉടമസ്ഥന് ഇവർ പോത്തിനെ കൈമാറി. തീരത്തു കെട്ടിയിട്ട പോത്ത് കയറുപൊട്ടിച്ചു രാത്രിയിൽ കടലിലേക്കു ചാടുകയായിരുന്നെന്ന് ഉടമസ്ഥൻ പറഞ്ഞു.

MORE IN KERALA
SHOW MORE