യാത്രികൻ കുഴഞ്ഞുവീണു; ഓടിയെത്തി നഴ്സ്; ശരവേഗത്തിൽ ബസോടിച്ച് ഡ്രൈവർ; രക്ഷകർ

buswb
SHARE

 ബസ് യാത്രയ്ക്കിടെ ഹൃദയസ്തംഭനം ഉണ്ടായ യുവാവിനു രക്ഷയായത് അതേ ബസിലുണ്ടായിരുന്ന നഴ്സ്. ഒപ്പം വനിതാകണ്ടക്ടറും ആശുപത്രിയിലേക്കു  വാഹനം ശരവേഗത്തിൽ  ഓടിച്ച ഡ്രൈവറും സഹയാത്രികരും.  തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ ബുധൻ രാത്രി 8.30നു കൊട്ടിയത്തിനും ഉമയനല്ലൂരിനും മധ്യേയാണു സംഭവം. പിൻഭാഗത്തെ സീറ്റിൽ ഇരുന്ന കല്ലുവാതുക്കൽ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണതു വനിതാ കണ്ടക്ടർ എം.ശാലിനിയാണു കണ്ടത്. ഉടൻ ബസ് നിർത്തിച്ചു.

കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു  മടങ്ങുകയായിരുന്ന  നഴ്സ് വടക്കേവിള ഹംബിൾ ബഥേലിൽ ലിജി.എം.അലക്സ് ഓടിയെത്തി സിപിആർ നൽകിത്തുടങ്ങി. കഴുത്തിലെ  നാഡിമിടിപ്പു പരിശോധിച്ചപ്പോൾ അനക്കമില്ലാത്ത നിലയിലായിരുന്നു.  ബസ് എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാനും ലിജി നിർദേശിച്ചു. ഡ്രൈവർ എസ്.ശ്യാംകുമാർ ബസ് അതിവേഗം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓടിച്ചു. നിമിഷങ്ങൾക്കകം  ആശുപത്രിയിൽ എത്തി. അപ്പോഴേക്കും  ചെറിയ തോതിൽ നാഡിമിടിപ്പ്  തുടങ്ങിയതായി ലിജി  പറഞ്ഞു. 

പിന്നീടു യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അതിനു ശേഷമാണ് ബസ് ജീവനക്കാരും മറ്റുള്ളവരും യാത്ര തുടർന്നത്. യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കല്ലുവാതുക്കലിൽനിന്നു ബസിൽ കയറിയ യുവാവ് ഇടയ്ക്ക് പലരോടും കുടിക്കാൻ വെള്ളം ചോദിച്ചിരുന്നതായി കണ്ടക്ടർ ശാലിനി പറഞ്ഞു. എന്നാൽ ആരുടെ കൈവശവും വെള്ളം ഉണ്ടായിരുന്നില്ല. കൊട്ടിയം എത്തിയപ്പോഴേക്കും യുവാവിനെ അസ്വസ്ഥനായി കണ്ടു. അവിടെ നിന്നു ബസ് യാത്ര തുടർന്ന് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഇയാൾ കുഴഞ്ഞു വീണത്.

ഒരു മാസം മുൻപ് കൊട്ടാരക്കരയിൽ നിന്നു കൊല്ലത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ സമാന രീതിയിൽ കുഴഞ്ഞുവീണ മങ്ങാട് സ്വദേശി  ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു.അദ്ദേഹത്തിനു  ഹൃദയസ്തംഭനം ഉണ്ടായത് ആരും അറിഞ്ഞില്ല. ബസ് കൊല്ലം ഡിപ്പോയിൽ എത്തി യാത്രക്കാർ ഇറങ്ങിയപ്പോഴാണു സീറ്റിൽ മരിച്ച നിലയിൽ കണ്ടത്.

MORE IN KERALA
SHOW MORE