‘ഫലം ഉള്ള മരത്തിൽ കല്ലെറിയും, അതിൽ അഭിമാനം’: വിധികേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ് ഫ്രാങ്കോ

bishop-new-statment
SHARE

വിധികേട്ട് കണ്ണീരണിഞ്ഞ് ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. വിധി ദിവസം രാവിലെ 9.30നു തന്നെ ബിഷപ് ഫ്രാങ്കോ സഹോദരൻ പീറ്റർ മുളയ്ക്കലും മറ്റു ബന്ധുക്കൾക്കും ഒപ്പം കോടതിയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്കു തന്നെ കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ നടപടികൾ ആരംഭിച്ചു. ആദ്യ കേസായിത്തന്നെ ബിഷപ് കേസ് വിളിക്കുകയും ചെയ്തു.

കോടതിയുടെ പ്രതിക്കൂട്ടിൽ കയറി നിന്ന ബിഷപ്പിന് ആശ്വാസമായി വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വരി വിധിയെത്തി. കോടതി മുറിക്ക് പുറത്തേക്കെത്തിയ ബിഷപ് സഹോദരങ്ങളെയും മറ്റു ബന്ധുക്കളെയും ചേർത്തു പിടിച്ചു, പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതിയായിരിക്കട്ടെ എന്ന പ്രതികരണം മാത്രം. കോടതി കോംപ്ലക്സിന് പുറത്തെത്തിയ ബിഷപ് കാറിൽ താമസ സ്ഥലമായ കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചു. അവിടെ കുർബാന അർപ്പിക്കുകയും ചെയ്തു.

ഇതിനുശേഷം ബിഷപ് മാധ്യങ്ങളോടു പ്രതികരിച്ചു. ദൈവത്തിന്റെ കോടതിയിലുണ്ടായിരുന്ന വിധി ഭൂമിയിലെ കോടതിയിൽ വരട്ടെയെന്ന് പ്രാർഥിച്ചതായി ബിഷപ് പറഞ്ഞു. ‘ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തിയെന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷനറിയാണു ഞാൻ. അതിന് ദൈവം അവസരം തന്നു. പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്നു ‍ജാതിമത ഭേദമന്യേ എല്ലാവർക്കും മനസ്സിലായി. സത്യത്തെ സ്നേഹിക്കുന്നവരും സത്യത്തിനായി നിൽക്കുന്നവരും എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഫലം ഉള്ള മരത്തിൽ കല്ലെറിയും. അതിൽ അഭിമാനമേയുള്ളൂ. എല്ലാവരും തുടർന്നു പ്രാർഥിക്കുക. ദൈവത്തെ സ്തുതിക്കുക.’ ബിഷപ് പറഞ്ഞു.

കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജി.ഗോപകുമാറാണ് പീഡനക്കേസിൽ ബിഷപ് മുളയ്ക്കലിനെ കുറ്റവിമുക്‌തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

MORE IN KERALA
SHOW MORE