'നുണക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു'; നാലാം ദിനവും കണ്ണടച്ച് സർക്കാർ

sports-minister
SHARE

ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ച കായികതാരങ്ങളുടെ സമരത്തെ തിരിഞ്ഞ് നോക്കാതെ സര്‍ക്കാറും കായികവകുപ്പും. കായികതാരങ്ങള്‍ ആവശ്യപ്പെട്ടിട്ടും മന്ത്രി വി.അബ്ദുറഹിമാന്‍ കാണാന്‍ പോലും തയാറായില്ല. നുണക്കണക്ക് പറഞ്ഞ് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നൂവെന്നും പിന്‍വാതില്‍ നിയമനങ്ങളെ മൂടിവയ്ക്കാനാണ് നീക്കമെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.  

പി.ടു.സി(മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ക്ക് സമീപത്ത് ഇവരിരിക്കാന്‍ തുടങ്ങിയിട്ട് നാല് ദിവസമായി. കായികമന്ത്രി പലതവണ ഇവര്‍ക്ക് മുന്നിലൂടെ പോയിട്ടും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. സമരം അനാവശ്യമെന്ന് വാദിച്ച് നാല് വരി വാര്‍ത്താകുറിപ്പ് മാധ്യമങ്ങളിലേക്ക് അയക്കുക മാത്രമാണ് ചെയ്തത്.) കഴിഞ്ഞ സര്‍ക്കാര്‍ സ്പോഴ്സ് ക്വാട്ടയില്‍ 580 നിയമനം നടത്തി. ആ നിയമനം സ്വീകരിക്കാത്തവരല്ലാതെ മറ്റാര്‍ക്കും നിയമനം നടത്താനില്ലെന്നാണ് മന്ത്രി വാദിക്കുന്നത്. നുണയെന്ന് കണക്ക് നിരത്തി താരങ്ങളും.

മന്ത്രിയുടെ കണക്ക് ശരിയാകണമെങ്കില്‍ ദേശീയഗെയിംസിലടക്കം ഒന്നും രണ്ടും സ്ഥാനത്തെത്തിയവരെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തിയതാവണം. അതിനാല്‍ നിയമന വിവരം വെളിപ്പെടുത്താന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. നിയമന വിവരങ്ങളില്‍ മറുപടി പറയേണ്ടത് പൊതുഭരണവകുപ്പും ധനവകുപ്പുമാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് കായികമന്ത്രി. നുണ പ്രചാരണം നടത്തുന്ന മന്ത്രി കണ്ടില്ലെന്ന് നടിക്കുന്നത് കേരളത്തിന്റെ അഭിമാനമായവരുടെ കണ്ണീരും ജീവിതവുമാണ്. 

MORE IN KERALA
SHOW MORE