ആത്മഹത്യയ്ക്ക് യുവാവ്; ഭാര്യ പൊലീസിൽ വിളിച്ചു; ജീവൻ രക്ഷിച്ചത് ഇങ്ങനെ

suicide-attempt
representative images
SHARE

ആലുവ: പൊലീസിന്റെ ഇടപെടൽ യുവാവിനെ ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചു. ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നു പുഴയിലേക്കു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണു റൂറൽ പൊലീസ് രക്ഷകനായത്. യുവാവിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.

പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ യുവാവ് കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീടുവിട്ട് ഇറങ്ങുകയായിരുന്നു. യുവാവിന്റെ ഭാര്യ പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിവരമറിയിച്ചു. എമർജൻസി റെസ്പോൺസ് സെന്ററിൽ നിന്നു ആലുവ കൺട്രോൾ റൂമിലേക്കു വിവരം കൈമാറി. കൺട്രോൾ റൂമിൽ നിന്നു യുവാവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ഇയാളുടെ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നു സ്ഥലം മണപ്പുറം നടപ്പാലമാണെന്നു മനസ്സിലാക്കി.  

യുവാവ് നിൽക്കുന്ന സ്ഥലത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യം കൺട്രോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തിൽ കണ്ടു. തുടർന്ന് പൊലീസ് സംഘം മഫ്തിയിൽ അവിടേക്കു കുതിച്ചു. ഈ സമയം കൺട്രോൾ റൂമിലുള്ള ഉദ്യോഗസ്ഥൻ യുവാവുമായി സംസാരം തുടർന്നുകൊണ്ടിരുന്നു. അൽപം അകലെ വാഹനം നിർത്തിയിട്ട ശേഷം ഉദ്യോഗസ്ഥർ തന്ത്രപൂർവം യുവാവിനെ സമീപിച്ച് രക്ഷിച്ചു കൊണ്ടുവരികയായിരുന്നു. 

ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു. എസ്.ഐ കെ.കെ ബഷീർ, പൊലീസുകാരായ നസീബ്, എ.കെ.ജിജിമോൻ, പ്രശാന്ത് കെ.ദാമോദരൻ, അരവിന്ദ് വിജയൻ, സി.ഷിബു, കെ.എസ്.സഫീർ എന്നിവരാണു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

MORE IN KERALA
SHOW MORE