‘ആത്മഹത്യയുടെ വക്കിലായിരുന്നു; ഇനി ഒരു വനിതാ സഖാവിനും ഈ ഗതി ഉണ്ടാകരുത്’; ജാസ്മിൻ പറയുന്നു

girlwb
പ്രതീകാത്മക ചിത്രം
SHARE

‘ആത്മഹത്യയുടെ വക്കിലായിരുന്നു ഞാനും കുടുംബവും. ഇനിയൊരു വനിതാ സഖാവിനും ഈ ഗതിയുണ്ടാകരുത്. പത്തുവർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞാണു ഞങ്ങളുടേത്. അവനോടൊപ്പം സ്വസ്ഥമായി ജീവിക്കാനാണു പരാതി നൽകിയതും മാധ്യമങ്ങൾക്കു മുൻപിൽ വന്നതും. അല്ലെങ്കിൽ ഒരുപക്ഷേ അവർ ഞങ്ങളെ കൊന്നേനെ’, സിപിഎം ലോക്കൽ സെക്രട്ടറി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന പരാതി നൽകിയ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ മുൻ വൈസ് പ്രസിഡന്റ് ജാസ്മിൻ പ്രതികരിക്കുന്നു. 

പരാതി നൽകിയതിനു ജാസ്മിനെയും സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറിയായ ഭർത്താവ് ഷിജാറിനെയും ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തതു കഴി‍ഞ്ഞ ദിവസമാണ്. ജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ചു മാധ്യമങ്ങൾ‍ക്കു വിവരം നൽകിയെന്നും പറഞ്ഞായിരുന്നു നടപടി.

‘ഈ മാസം രണ്ടിനാണ് ജില്ലാ കമ്മിറ്റിക്കു പരാതി നൽകിയത്. പിന്നീടു സംസ്ഥാന കമ്മിറ്റിക്കും 9നു മുഖ്യമന്ത്രിയുടെ ഓഫിസിലും പിന്നീട് ഡിജിപിക്കും പരാതി നൽകി. എന്നിട്ടും ഇതുവരെയും നടപടികളായിട്ടില്ല. പലയിടത്തു നിന്നും വധഭീഷണിയുൾപ്പെടെ വന്നുതുടങ്ങിയപ്പോഴാണു മാധ്യമങ്ങളെ സമീപിച്ചത്. ഭർത്താവും ലോക്കൽ സെക്രട്ടറിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ, മോശം സംഭാഷണങ്ങൾ സ്ഥിരമായതോടെ ഭർത്താവ് സൗഹൃദം വേണ്ടെന്നുവച്ചു. അതോടെ ഭീഷണി പതിവായി. എന്നെ നേരിട്ടും അസഭ്യം പറഞ്ഞു. ഗതികെട്ടാണ് പരാതി നൽകിയത്. ഒട്ടേറെ വനിതാ സഖാക്കളുണ്ട് പാർട്ടിയിൽ. അവർ‍ക്കാർക്കും ഈയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ കൂടിയാണ് ഈ പരാതി.മോശം സംഭാഷണങ്ങളുടെ റെക്കോർഡിങ്ങുകൾ മറ്റൊരു സഖാവിനെ കേൾപ്പിച്ചിരുന്നു. അദ്ദേഹം പ്രതികരിച്ചില്ല. ഞാനും അങ്ങനെ ചെയ്താൽ അതു നീതികേടാണ്’– ജാസ്മിൻ പറഞ്ഞു.

MORE IN KERALA
SHOW MORE