നിയമസഭാ കയ്യാങ്കളിക്കേസ്; റദ്ദാക്കണമെന്ന് വാദിക്കാൻ സർക്കാർ ചെലവാക്കിയത് പതിനാറര ലക്ഷം

kerala-assembly-fight-2
SHARE

നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്ന മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവരുടെ ഹര്‍ജി സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് പതിനാറര ലക്ഷം രൂപ. പൊതുമുതല്‍ നശിപ്പിച്ച കേസ് റദ്ദാക്കാനാണ് സര്‍ക്കാര്‍ പുറത്തുനിന്ന് വക്കീലിനെയിറക്കിയത്. സുപ്രീംകോടതിയിൽ നിന്നുവരെ പ്രതികൂല നടപടിയുണ്ടായിട്ടും വീണ്ടും ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

2015 മാര്‍ച്ച് പതിമൂന്നിന് നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലായെന്നതായിരുന്നു സര്‍ക്കാരിന്റെയും മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള ആറുപേരുടെയും വാദം. കേസ് റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതിയും, ഹൈക്കോടതിയും തള്ളിയതിന് പിന്നാലെയാണ് സുപ്രീംകോടതിയിലെത്തിയത്. വാദിക്കാന്‍ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറിനെയും ചുമതലപ്പെടുത്തി. പക്ഷേ തിരിച്ചടിയായിരുന്നു ഫലം. സുപ്രീംകോടതിയില്‍ വാദിക്കാനെത്തിയ രഞ്ജിത്ത് കുമാര്‍ പതിന്നാറര ലക്ഷം രൂപയുടെ ബില്ല് നല്‍കിയിട്ടുണ്ടെന്നും തുക കൈമാറിയിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വിചാരണ തുടങ്ങാനായിരുന്നു തീരുമാനം. സി.ജെ.എം അവധിയിലായതിനാല്‍ കേസ് അടുത്തമാസം 22 ലേക്ക് മാറ്റി. ഇതിനിടെ മന്ത്രി അടക്കമുള്ളവര്‍ വീണ്ടും ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE