മംഗലാംകുന്നിനു വേദനയായി ഗജേന്ദ്രനും; മൂന്നു ദിവസത്തിനുള്ളിൽ ചരിയുന്ന രണ്ടാമത്തെ ആന

gajendran-death
SHARE

ശ്രീകൃഷ്ണപുരം (പാലക്കാട്): മംഗലാംകുന്ന് ആനത്തറവാട്ടിലെ മംഗലാംകുന്ന് ഗജേന്ദ്രൻ ചരിഞ്ഞു. 56 വയസ്സായിരുന്നു. മംഗലാംകുന്നിൽ മൂന്നു ദിവസത്തിനുള്ളിൽ ചരിയുന്ന രണ്ടാമത്തെ ആനയാണു ഗജേന്ദ്രൻ. ഇന്നലെ വൈകിട്ടു നാലോടെ മംഗലാംകുന്ന് ആനക്കൊട്ടിലിലായിരുന്നു അന്ത്യം. ശരീരത്തിൽ കുറച്ചു ദിവസമായി ചില പാടുകൾ കണ്ടുതുടങ്ങിയ ആനയ്ക്കു ചൊവ്വാഴ്ച വൈകിട്ടോടെയാണു രോഗലക്ഷണങ്ങളുണ്ടായത്. ഡോ.പി.ബി. ഗിരിദാസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

മരണകാരണം ഹൃദയസ്തംഭനമെന്നാണു പ്രാഥമിക നിഗമനം. മംഗലാംകുന്ന് ആനത്തറവാട്ടിലെ നാടൻ ആനകളിൽ അവസാന കണ്ണിയാണു ഗജേന്ദ്രൻ. കോന്നി ആനക്കൂട്ടിൽ നിന്നാണു ഗജേന്ദ്രന്റെ വരവ്. അടുത്തെത്തുന്ന ആരാധകരോടും പാപ്പാന്മാരോടും എന്നും സൗഹൃദത്തിലായിരുന്ന ഗജേന്ദ്രൻ നീരുകാലത്തു പോലും പ്രശ്നക്കാരനായിരുന്നില്ല.

അഴകൊത്ത, വണ്ണം കൂടിയ കൊമ്പും ഉയർന്ന വായുകുംഭവുമായിരുന്നു ഗജേന്ദ്രന്റെ പ്രത്യേകതകൾ. തെക്കൻ ജില്ലകളിലടക്കം കേരളത്തിനകത്തും പുറത്തും ഉത്സവപ്പറമ്പുകളിൽ സജീവസാന്നിധ്യമായിരുന്നു. തൃശൂർ പൂരത്തിനു തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ആനത്തറവാട്ടിലെ മംഗലാംകുന്ന് രാജൻ ചരിഞ്ഞത്. ഒരു വർഷത്തിനിടെ മംഗലാംകുന്ന് കർണൻ ഉൾപ്പെടെ മൂന്ന് ആനകളാണു ചരിഞ്ഞത്.

ജില്ലയിൽ ഇനിയുള്ളത് 30 ആനകൾ മാത്രം

ജില്ലയിൽ ഇനി ശേഷിക്കുന്നത് 29 കൊമ്പന്മാരും ഒരു പിടിയാനയും മാത്രം. വനം വകുപ്പിന്റെ രേഖകൾ പ്രകാരം ഇതിൽ 40 വയസ്സിനു താഴെയുള്ളത് 6 ആനകളാണ്. ഈ വർഷം ജനുവരിക്കു ശേഷം ജില്ലയിൽ 4 ആനകളാണു ചരിഞ്ഞത്. ആനപ്രേമികൾ തലയെടുപ്പിന്റെ തമ്പുരാൻ എന്നു വിശേഷിപ്പിച്ചിരുന്ന മംഗലാംകുന്ന് കർണൻ ജനുവരിയിലും,  വള്ളുവനാടിന്റെ വല്യാനയെന്ന് അറിയപ്പെട്ടിരുന്ന മനിശ്ശേരി രഘുറാം ജൂണിലും ചരിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണു മംഗലാംകുന്ന് ആനത്തറവാട്ടിലെ രാജൻ (ടിന്റുമോൻ) എന്ന കൊമ്പൻ ചരിഞ്ഞത്. ഇന്നലെ മംഗലാംകുന്ന് ഗജേന്ദ്രനും ചരിഞ്ഞു.ആന ഇടപാടുകളിൽ നിയമത്തിന്റെ കുരുക്കു വീണതിനൊപ്പം ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും അലട്ടിയിരുന്നവ ചരിഞ്ഞതും ജില്ലയിൽ ഗജസമ്പത്ത് കുറയാൻ കാരണമായെന്നാണു വിലയിരുത്തൽ. കോവിഡ് കാലത്തു മുഴുവൻ സമയവും വിശ്രമത്തിൽ കഴിയുന്നത് ആനകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നു ചികിത്സാ വിദഗ്ധർ പറയുന്നു. 

MORE IN KERALA
SHOW MORE