കുടിവെള്ള വിതരണം തടസപ്പെടുന്നു; ജലഅതോറിറ്റി ഉദ്യോഗസ്ഥനെ ഉപരോധിച്ചു

palakkad
SHARE

പാലക്കാട് നഗരത്തിൽ പത്ത് ദിവസത്തിലധികമായി കുടിവെള്ള വിതരണം തടസപ്പെടുന്നുവെന്ന പരാതിയിൽ ചെയർപേഴ്സണും കൗൺസിലർമാരും ജല അതോറിറ്റി ഉദ്യോഗസ്ഥനെ ഉപരോധിച്ചു. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം. ആവശ്യങ്ങളില്‍ വേഗത്തില്‍ പരിഹാരമുണ്ടാകുമെന്ന സൂപ്രണ്ടിങ് എൻജിനീയറുടെ ഉറപ്പിനെത്തുടർന്നാണ് ഒരു മണിക്കൂറിലധികം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവ്. പരാതി പറയാൻ വിളിച്ചാൽ ഉദ്യോഗസ്ഥർക്ക് ഫോണെടുക്കാൻ വിമുഖത. നാട്ടുകാരുടെ പരാതിക്ക് അവധി പറഞ്ഞ് മടുത്തെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. പിന്നാലെയാണ് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറെ ചെയർപേഴ്സന്റെ  നേതൃത്വത്തിൽ ഉപരോധിച്ചത്. അടിയന്തര ഇടപെടൽ ഇല്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു നിലപാട്. വിഷയം ഓരോന്നായി കേട്ട് രേഖാമൂലം പരിഹാരം എഴുതി നൽകിയതിന് പിന്നാലെയാണ് ജനപ്രതിനിധികള്‍ പിന്‍മാറിയത്. വിവിധ കുടിവെള്ള വിതരണ പദ്ധതികളുടെ പണികൾക്കുള്ള തടസവും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്ച സാവകാശം നല്‍കും. വാഗ്ദാനം മാത്രമായാൽ അൻപത്തി രണ്ട് കൗൺസിലര്‍മാരുമായി സമരം തുടങ്ങുമെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.

MORE IN KERALA
SHOW MORE