ഇന്ധനം തീർന്നാൽ കനത്തപിഴ; കുതിരാനിൽ യാത്ര ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ

kuthiran-tunnel
SHARE

കുതിരാൻ: പ്രവർത്തനമാരംഭിച്ച തുരങ്കത്തിലൂടെ ഇന്നു രാവിലെ 8 മുതൽ ഇരുഭാഗത്തേക്കും വാഹന ഗതാഗതം. കുതിരാൻമല റോഡ് പൊളിച്ചുപണിയാൻ സൗകര്യമൊരുക്കുന്നതിനാണിത്. തുരങ്കത്തിലൂടെ പരീക്ഷണ ഓട്ടം രണ്ടോ മൂന്നോ ദിവസം നടത്തിയ ശേഷം റോഡു പൊളിക്കും. പരീക്ഷണ ഓട്ടത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. പൊലീസ് കൺട്രോൾ റൂം തുറന്നു. തുരങ്കത്തിനകത്തും പുറത്തുമായി മൂന്നര കിലോമീറ്റർ ദൂരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

തുരങ്കമുഖത്തു 2 ക്രെയിനുകളും 2 ആംബുലൻസുകളും എത്തിച്ചിട്ടുണ്ട്. ഇന്ധനം തീർന്നു  വാഹനങ്ങൾ യാത്രാതടസ്സമുണ്ടാക്കിയാൽ കനത്ത പിഴ ഈടാക്കുമെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  രണ്ടാം തുരങ്കം മാർച്ച് അവസാനത്തോടെ തുറക്കുമെന്നാണു പ്രതീക്ഷ.

പരീക്ഷണ ഓട്ടം ഉദ്യോഗസ്ഥർക്കു പരീക്ഷണം

ആദ്യ തുരങ്കത്തിലൂടെ ഇരു വശത്തേക്കും വാഹനങ്ങൾ കടത്തിവിടുമ്പോൾ പൊലീസും ഉദ്യോഗസ്ഥരും ഒരു പോലെ ആശങ്കയിലാണ്. തുരങ്കത്തിനുള്ളിൽ ഒരു വാഹനം ഒരു മിനിറ്റു നിന്നാൽ പോലും  കുരുക്കിനു സാധ്യതയുണ്ട്.കുതിരാൻ പടിഞ്ഞാറേ തുരങ്കമുഖം മുതൽ വഴക്കുംപാറ വരെയുള്ള വീതി കുറഞ്ഞ സർവീസ് റോഡും ഗതാഗതക്കുരുക്കിനു കാരണമാകുമെന്ന് ആശങ്കയുണ്ട്. മറ്റു പ്രദേശങ്ങളിലെ റോഡിനെ അപേക്ഷിച്ച് ഈ ഭാഗത്തു റോഡിനു വീതി കുറവാണ് .

 24 പൊലീസുകാരെയാണ് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിക്കുക. ഇതിൽ ഒരു ദിവസം 8 പേർ വീതം ഡ്യൂട്ടിയിൽ ഉണ്ടാകും. വഴുക്കും പാറയിൽ വടക്കുഭാഗത്തെ സർവീസ് റോഡ് ആദ്യം പൂർത്തിയായ ശേഷം നിലവിലെ പാത പൊളിക്കുന്നതായിരുന്നു കൂടുതൽ ഉചിതമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അഭിപ്രായമുണ്ട്. വഴുക്കും പാറയിലെ കലുങ്കുകളുടെ നിർമാണം അനിശ്ചിതമായി നീണ്ടു പോയതാണു സർവീസ് റോഡ് പൂർത്തിയാകാത്തതിനു കാരണം.

MORE IN KERALA
SHOW MORE