ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ കാണാതായ തോക്ക് കണ്ടെത്തി; ബാഗ് മാറിയതാണെന്ന് പൊലീസ്

gunman-ex-speaker
SHARE

കായംകുളം: മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പക്കൽനിന്നു നഷ്ടപ്പെട്ട പിസ്റ്റളും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് പത്തനാപുരത്തു നിന്നു കണ്ടെത്തി. സുഹൃത്തിന്റേതെന്നു തെറ്റിദ്ധരിച്ച് കൊല്ലം പത്തനാപുരം സ്വദേശിയായ തപാൽ ജീവനക്കാരൻ ആകർഷാണ് ബാഗ് എടുത്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് പത്തനാപുരത്തെത്തി തോക്കും തിരകളും വീണ്ടെടുത്തു. ഗൺമാൻ കെ.രാജേഷ് തിരുവനന്തപുരത്തേക്കു പോകാനായി എറണാകുളത്തു നിന്നു കയറിയ ബസിൽ ആകർഷും സുഹൃത്തുക്കളായ മിഥുനും ജിഷ്ണുവും ഉണ്ടായിരുന്നു. രാജേഷിന്റെയും ഇവരുടെയും ബാഗുകൾ ഒരേ സ്ഥലത്താണു വച്ചത്. ആകർഷും സുഹൃത്തുക്കളും ഇതിനടുത്താണ് ഇരുന്നതും.

ബസിലെ തിരക്കിൽ അസ്വസ്ഥത തോന്നിയ മിഥുൻ വൈറ്റിലയിൽ ഇറങ്ങി. കായംകുളത്ത് ഇറങ്ങിയ ആകർഷ്, മിഥുന്റേതെന്നു കരുതിയാണ് രാജേഷിന്റെ ബാഗെടുത്തത്. എന്നാൽ, മിഥുൻ വൈറ്റിലയിൽ ഇറങ്ങുമ്പോൾ സ്വന്തം ബാഗ് എടുത്തിരുന്നു. മിഥുൻ ബാഗ് എടുത്തിരുന്നോ എന്നറിയാൻ കായംകുളത്ത് ഇറങ്ങുമ്പോൾ ആകർഷ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തൊട്ടടുത്തിരുന്ന യാത്രക്കാരൻ ബാഗ് സുഹൃത്തിന്റേതാണെന്നു പറഞ്ഞ് ആകർഷിനെ ഏൽപിച്ചു. മിഥുൻ പിറ്റേന്ന് ആകർഷിനെ വിളിച്ചപ്പോഴാണ് ബാഗ് മാറിപ്പോയെന്ന് അറിഞ്ഞത്. ബാഗ് പരിശോധിച്ചപ്പോൾ തോക്കും തിരകളും കണ്ടു.

ഒപ്പമുണ്ടായിരുന്ന ഡയറിയിൽനിന്നു കിട്ടിയ ഫോൺ നമ്പറിൽ രാജേഷിനെ വിളിച്ചറിയിച്ചു. അർധരാത്രി കഴിഞ്ഞ് കായംകുളം പൊലീസ് പത്തനാപുരം പുന്നലയിലെ ആകർഷിന്റെ വീട്ടിലെത്തി ബാഗ് കായംകുളത്ത് എത്തിച്ചു. കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തെ ബൈക്ക് പാർക്കിങ് ഏരിയയിൽ നിന്ന് ആകർഷും ജിഷ്ണുവും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധിച്ചിരുന്നു. ഇവരെപ്പറ്റി അന്വേഷിക്കാൻ തുടങ്ങുമ്പോഴാണ് ആകർഷിന്റെ വിളിയെത്തിയത്. ഡിവൈഎസ്പി അലക്‌സ് ബേബിയുടെ മേൽനോട്ടത്തിൽ  കായംകുളം എസ്എച്ച്ഒ മുഹമദ് ഷാഫി, എസ്ഐ ശ്രീകുമാർ, ദീപക്, ഷാജഹാൻ, അജീഷ്, അൻവർ, ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ചതും ബാഗ് തിരികെ എത്തിച്ചതും.

ട്രെയിൻ റദ്ദായി; ബസിൽ മടങ്ങി

‘‘തൃശൂരിൽനിന്നു മടങ്ങാൻ ട്രെയിനിൽ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ട്രെയിൻ റദ്ദാക്കിയതിനാലാണ് ബസ് യാത്ര വേണ്ടിവന്നത്. ആലുവ ബസ് സ്റ്റേഷനിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിപ്പറ്റി. ഞങ്ങളുടെ ബാഗുകൾ മറ്റു യാത്രക്കാരുടെ ബാഗുകൾക്കൊപ്പം ഡ്രൈവറുടെ സമീപത്തായാണ് വച്ചത്. ഇക്കൂട്ടത്തിൽ രാജേഷിന്റെ ബാഗും ഉണ്ടായിരുന്നു. പുലർച്ചെ 2.30ന് കായംകുളത്തെത്തി. പിറ്റേന്ന് വൈകിട്ടാണ് ബാഗ് മാറിപ്പോയെന്ന് അറിഞ്ഞത്. ബാഗിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ ഫോൺ നമ്പറിൽ  വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീണ്ടും ബാഗ് പരിശോധിച്ചപ്പോഴാണ് തോക്കും തിരകളും കണ്ടത്. ഒപ്പമുണ്ടായിരുന്ന ഡയറിയിൽ നിന്നു രാജേഷിന്റെ നമ്പർ കണ്ടെത്തി വിളിച്ചറിയിക്കുകയായിരുന്നു.’’   ആകർഷ് 

MORE IN KERALA
SHOW MORE