സഞ്ജിത്തിന്റെ കൊലപാതകം; സൂത്രധാരനും ആദ്യം വെട്ടിയ യുവാവും അറസ്റ്റിൽ

murderreason-02
SHARE

പാലക്കാട് എലപ്പുള്ളിയിലെ ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് സൂത്രധാരൻ കൂടിയായ ഡ്രൈവറും ആദ്യം വെട്ടിയ യുവാവും. കൊലപാതകത്തിൽ പൊലീസിനു തുമ്പായത് പ്രതികള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. റോഡിലെ കുഴിയില്‍പ്പെട്ട് വാഹനം വേഗത കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് മമ്പ്രറം ഭാഗം കൊലപാതകത്തിനായി തെരഞ്ഞെടുത്തതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. 

കൊലയാളികളെ പള്ളിമുക്കിനു സമീപത്തു നിന്നു കാറിൽ കയറ്റി കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചത് ആദ്യം അറസ്റ്റിലായ പ്രതി. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംയുക്തമായാണ് കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. രണ്ടാമത് അറസ്റ്റിലായ കൊഴിഞ്ഞാമ്പാറ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ് സഞ്ജിത്തിനെ ആദ്യം വെട്ടിയത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം പ്രതികൾ കാറിൽ കുഴൽമന്ദം വരെ സഞ്ചരിച്ചതിന്റെ ദൃശ്യവും ലഭിച്ചു. കൊലപാതകം നടത്തി മടങ്ങുമ്പോള്‍ കണ്ണന്നൂരില്‍ വച്ചു കാർ കേടായി. ഇതോടെയാണ് ഇവിടെ ആയുധം ഉപേക്ഷിച്ചതെന്നാണു നിഗമനം. ആയുധം കണ്ടെത്തിയതി‍ൽ ശാസ്ത്രീയ പരിശോധനയടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ട്. 

ഇവിടെ നിന്നും വാഹനം തള്ളിയും പകുതി ദൂരം ഓടിച്ചും കുഴൽമന്ദം വരെയെത്തിച്ചു. വീണ്ടും വാഹനം കേടായി. പരിഹരിക്കാൻ മറ്റൊരു വാഹനമെത്തി. ആ വാഹനത്തിന്റെ നമ്പർ അന്വേഷണ സംഘം കണ്ടെത്തി നടത്തിയ തെരച്ചിലിലാണ് തുമ്പുണ്ടായത്. മമ്പ്രറം ഭാഗത്തെ റോഡിലെ കുഴികളില്‍പ്പെട്ട് വാഹനം വേഗത കുറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സ്ഥലം കൊലയ്ക്കായി തെരഞ്ഞെടുത്തതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. സഞ്ജിത്തിന്റെ ബൈക്കിന്റ വേഗത കുറഞ്ഞതിന് പിന്നാലെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ അഞ്ചുപേരാണ് നേരിട്ട് പങ്കെടുത്തതെങ്കിലും ഗൂഢാലോചനയിലടക്കം കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്നാണു സൂചന. മറ്റുള്ളവർക്കായി തമിഴ്നാട്ടിലടക്കം പരിശോധന തുടരുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ അറസ്റ്റിലായ രണ്ടാമന്റെ പേരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. 

MORE IN KERALA
SHOW MORE