സഞ്ജിത്ത് കൊലക്കേസ്; കാറിന്റെ ഭാഗങ്ങൾ കണ്ടെത്തി, നിർണായകം

murderreason-04
SHARE

പാലക്കാട് എലപ്പുള്ളിയിലെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഭാഗങ്ങൾ കണ്ടെത്തി. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് പൊളിച്ചു മാറ്റിയ നിലയിൽ കാർ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ പ്രതികൾ തന്നെ ഈ സ്ഥലത്തേക്ക് ക്യത്യത്തിന് ശേഷം കാർ എത്തിച്ചതെന്നാണ് നിഗമനം. കൊലപാതകത്തിൽ പങ്കെടുത്തവരെ സഹായിച്ച രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

പൊള്ളാച്ചി ഊത്തുക്കുള്ളിയിലെ വർക് ഷോപ്പിൽ നിന്നാണ് കാറിന്റെ പൊളിച്ച് മാറ്റിയ ഭാഗങ്ങൾ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊലയാളി സംഘം വാഹനം വിൽപ്പനയ്ക്ക് നൽകിയെന്നാണ് നിഗമനം. കൊലയ്ക്ക് ശേഷം അക്രമി സംഘം മടങ്ങുമ്പോൾ വഴിയിൽ പലയിടത്തായി വാഹനം കേടായെന്ന് മൊഴിയുണ്ട്. തകരാർ പരിഹരിച്ച് കാർ അതിർത്തി കടത്തുകയായിരുന്നു. പതിനയ്യായിരം രൂപയ്ക്ക് രണ്ടുപേർ ചേർന്നാണ് ബുധനാഴ്ച വാഹനം പൊളിക്കാനെത്തിച്ചത്. കാർ പൊളിക്കാനെത്തിച്ചവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും ജീവനക്കാരൻ.

വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞുള്ള പൊലീസ് അന്വേഷണത്തിലാണ് വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. കൊലപാതകം നടത്തിയവരെ സഹായിച്ച രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കൊലയിൽ നേരിട്ട് പങ്കെടുത്ത മൂന്നാളുകളെക്കൂടി പിടികൂടാനുള്ള തെരച്ചിലിലാണ് പൊലീസ്. ഫൊറൻസിക് പരിശോധന ഫലം അനുകൂലമായാൽ സഞ്ജിത്ത് കൊലക്കേസിൽ കാറിന്റെ ഭാഗങ്ങൾ നിർണായക തെളിവാകും. 

MORE IN KERALA
SHOW MORE