പല്ല് അകലത്തിൽ വ്യത്യാസം, സിട്രിസിന്റെ സാന്നിധ്യം; ഫോറൻസിക് സർജൻ പറയുന്നു

uthra-forensic-surgeon
SHARE

ഉത്ര വധക്കേസിൽ വളരെ നിർണായകമായിരുന്നു ഫൊറൻസിക് തെളിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൃത്യതയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ ഡോ.ആർ. രാഗേഷ് കാര്യങ്ങൾ കോടതിയിൽ സമഗ്രമായി അവതരിപ്പിച്ചതും കേസിന്റെ വിജയത്തിനു കാരണമായതായി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം വിലയിരുത്തുന്നു. ഫൊറൻസിക് മെഡിസിനിൽ ഉത്ര വധക്കേസ് വലിയ സ്വാധീനം ചെലുത്തും. പാമ്പു  കടിയെന്നാൽ യാദൃശ്ചിക മരണമെന്ന സാമാന്യബോധത്തെ ഈ കേസ് തകർത്തു. അക്കാദമിക്കായി തന്നെ ഈ കേസിന്റെ പ്രത്യേകതകൾ രേഖപ്പെടുത്തുമെന്ന് ഡോ.ആർ.രാഗേഷ് പറഞ്ഞു. 

ഉത്ര വധക്കേസിൽ താൻ നിരീക്ഷിച്ച ചില  പ്രത്യേകതകൾ ഡോ. ആർ.രാഗേഷ് പറയുന്നു:

മൃതദേഹത്തിൽ അടുത്തടുത്ത് രണ്ടു കടിപ്പാടുകൾ ശ്രദ്ധിച്ചിരുന്നു. കൈത്തണ്ടയിൽ പാമ്പുകടി കിട്ടുമ്പോൾ സ്വാഭാവികമായി കൈവലിക്കേണ്ടതാണല്ലോ. അപ്പോൾ അടുത്തടുത്ത് കടി കിട്ടില്ല. കടിപ്പാടിൽ പല്ലുകൾ തമ്മിലുള്ള അകലം സാധാരണയായി രണ്ടു സെന്റീമീറ്ററിൽ കുറവായിരിക്കും.

ഇവിടെ  2.3 ഉം 2.8 ഉം ആയിരുന്നു. ഒരേ പാമ്പ് തന്നെ, രണ്ടാമത് കടിക്കുമ്പോൾ പല്ലകലത്തിൽ വലിയ വ്യത്യാസം വന്നിരിക്കുന്നു. ഇത്രയും അസ്വാഭാവിക ഘടകങ്ങൾ ഒരുമിച്ചു വന്നത് സംശയമുണ്ടാക്കി. രക്തം പരിശോധനയ്ക്ക് എടുത്തതിനൊപ്പം ആന്തരിക അവയവങ്ങളും എടുത്തു. കടിയേറ്റ ഭാഗത്തെ തൊലിയുടെയും മറ്റും സാംപിൾ ശേഖരിച്ചു. ഇവ രാസ പരിശോനയ്ക്ക് അയച്ചു. സിട്രസിൻ എന്ന ഗുളികയുടെ അംശം രക്തത്തിൽ കണ്ടതും സംശയമുണർത്തി.   

ഉത്രയെ പാമ്പു കടിച്ചത് തന്നെയാകും എന്നതിൽ പോലും ഉറപ്പില്ലെന്ന് പ്രതിഭാഗം വാദിച്ചു. തേളോ കടന്നലോ തേനീച്ചയോ ഒക്കെ കുത്തിയതായാലും  ന്യൂറോടോക്സിക് വെനം ശരീരത്തിൽ കലരില്ലേ എന്ന് അവർ കോടതിയിൽ ചോദ്യമുന്നയിച്ചു. ഇവയിലെല്ലാം  ന്യൂറോടോക്സിക് വെനവും ഉണ്ടെന്നത്  ഒരു യാഥാർഥ്യമാണ്. ഇതിന്റെയൊക്കെ പ്രവർത്തനത്തിനും സാമ്യമുണ്ട്. പക്ഷേ, ആന്റിജൻ– ആന്റിബോഡി റിയാക്‌ഷൻ ടെസ്റ്റ് ഉപയോഗിച്ചതിനാൽ  മൂർഖന്റെ വിഷമാണെന്നു ശാസ്ത്രീയമായി ഉറപ്പാക്കാമെന്ന് ഡോ. രാഗേഷ് കോടതിയിൽ ബോധ്യപ്പെടുത്തി. 

മൂർഖന്റെ വിഷം നാഡീഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നത് ആയതിനാൽ ശ്വാസം എടുക്കാൻ സഹായിക്കുന്ന മസിലുകളെ തളർത്തുമെന്നത് ഒരു വസ്തുതയാണ്. പക്ഷേ, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ   ഡയഫ്രം നോർമലാണ് എന്ന് ഡോക്ടർ എഴുതിയിരിക്കുന്നത് ഒരു വൈരുധ്യമല്ലേ എന്നു പ്രതിഭാഗം വാദിച്ചു. മറുപടിയായി ഡോക്ടർ പറഞ്ഞത്, നോർമൽ എന്നു പറഞ്ഞതിന്റെ അർഥം ആ അവയവഘടന നോർമലാണെന്നാണ്.

അതിന് അവയവത്തിന്റെ പ്രവർത്തനക്ഷമത കൃത്യമായിരുന്നു എന്ന അർഥമില്ലെന്ന് ബോധിപ്പിച്ചു. എന്തുകൊണ്ട് ശ്വാസകോശത്തിൽ നീർക്കെട്ടു കണ്ടില്ലെന്ന് പ്രതിഭാഗത്തു നിന്ന് ചോദ്യമുണ്ടായി. വിഷം നാഡീഞരുമ്പുകളെ ബാധിച്ചാണ് ശ്വാസതടസ്സമുണ്ടാക്കുന്നതെന്നും അതു ശ്വാസകോശത്തെ നേരിട്ടു ബാധിക്കുകയല്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനായെന്ന് ഡോ.രാഗേഷ് പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...