100 രൂപയുണ്ടോ? സർക്കാർ ഉദ്യോഗസ്ഥനാകാം; പൊലീസ്, റവന്യൂ.. ഏത് വേണം?

id-card
SHARE

നിങ്ങൾക്കൊരു ‘സർക്കാർ ഉദ്യോഗസ്ഥനാകണോ’... ചെലവ് വെറും 100 രൂപ. പൊലീസ്, റവന്യു, വനം വന്യജീവി വകുപ്പ് തുടങ്ങി ഏതു വകുപ്പാണു വേണ്ടതെന്നു നിങ്ങൾ തന്നെ തീരുമാനിക്കണം. കൂടുതൽ പണം മുടക്കിയാൽ എല്ലാ വകുപ്പിലും കയറിപ്പറ്റാം. വിവിധ സർക്കാർ വകുപ്പുകളുടെ പേരു പതിച്ച ഐഡി കാർഡ് ടാഗുകൾ സ്റ്റേഷനറി കടകളിലും ബുക്ക് സ്റ്റാളുകളിലും മുതൽ വഴിയോര കച്ചവടക്കാരുടെ കൈകളിൽ നിന്നു വരെ കിട്ടും. അൽപം വില പേശാൻ അറിയുന്നവരാണെങ്കിൽ 90 രൂപയ്ക്കും സാധനം കിട്ടും.

ഈ ടാഗുകൾ വാങ്ങി കഴുത്തിലിട്ടു വിലസുന്നവർ ധാരാളം. പൊലീസ് പരിശോധനകളിൽ നിന്നും മറ്റും ഇവർ ഈ ടാഗ് ഉപയോഗിച്ച് ‘ഈസിയായി’ രക്ഷപ്പെടുന്നു. ടാഗ് മാത്രം കാണത്തക്ക രീതിയിൽ കാർഡിന്റെ ഭാഗം ഷർട്ടിന്റെ പോക്കറ്റിൽ തിരുകിയാണു നടക്കുന്നത്. വ്യാജമായി കാർഡുകൾ നിർമിക്കുന്നവരുമുണ്ട്.എന്നിട്ടും പൊലീസോ മറ്റ് അധികൃതരോ ഇത് അറിഞ്ഞ മട്ട് കാണിക്കുന്നില്ല. കോവിഡ് കാലത്ത് പൊലീസ് പരിശോധന ശക്തമാക്കിയതിനു പിന്നാലെയാണ് പൊലീസിന്റെ ടാഗിനു വരെ വ്യാജൻമാർ ഇറങ്ങിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി കാർഡ് എങ്ങനെ തയാറാക്കണമെന്ന് വ്യക്തമായ ചട്ടം നിലവിലുള്ളപ്പോഴാണിത്.

സ്പാർക്ക് സോഫ്റ്റ് വെയർ വഴിയാണ് സർക്കാർ ഓഫിസുകളിൽ ഐഡി കാർഡിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥർ നൽകുന്നത്. വകുപ്പു മേധാവിയുടെ ഒപ്പ്, സീൽ എന്നിവ സഹിതം ജീവനക്കാർക്ക് ഐഡി കാർഡ് ടാഗ് സഹിതം നൽകും. എന്നാൽ ടാഗുകൾ വ്യാജമായി ഇറങ്ങിയതോടെ ആർക്കും ടാഗ് പോക്കറ്റിൽ ഇട്ട് ഇറങ്ങാവുന്ന സ്ഥിതിയാണ്.

"സർക്കാർ ജീവനക്കാർക്ക് വകുപ്പു മേധാവികളാണ് ഐഡി കാർഡ് ടാഗ് സഹിതം നൽകുന്നത്. കടകളിൽ ടാഗ് വിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. ഇവ വിൽക്കുന്നത് ടാഗ് ദുരുപയോഗം ചെയ്യുന്നതിന് ഇടയാകും. പരിശോധിച്ച് നടപടിയെടുക്കും."

പി.കെ. ജയശ്രീ കലക്ടർ

"വ്യാജ ടാഗുകൾ നിർമിച്ച് വിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. പൊലീസിന്റെ പേരിലും മറ്റും ഇത്തരം ടാഗുകൾ നിർമിക്കുന്നത് കുറ്റകരമാണ്. ഉടൻ അന്വേഷണം ആരംഭിക്കും."

ഡി. ശിൽപ ജില്ലാ പൊലീസ് മേധാവി

MORE IN KERALA
SHOW MORE
Loading...
Loading...