ആണും പെണ്ണും മാത്രമല്ല, ഞങ്ങളും ഇവിടെയുണ്ട്; സംവരണനീക്കത്തിന് കയ്യടിച്ച് ട്രാൻസ് വിഭാഗം

new-trans
SHARE

ട്രാന്‍സ്ജെന്ററുകളെ ഒബിസി വിഭാഗത്തില്‍പ്പെടുത്താന്‍ ഒരുങ്ങുന്ന നടപടി വിപ്ലവകരമായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഇതോടെ നിരന്തരം അവഗണനകള്‍ക്ക് വിധേയമാകുന്ന വിഭാഗത്തിന്, വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും സംവരണ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.  ലിംഗഭേദമന്യയുള്ള സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുമ്പോള്‍ സമൂഹം എങ്ങനെയാകും ഇതിനെ ഉള്‍ക്കൊള്ളുക എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളും വിഷയത്തെ ഗൗരവകരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ട്രാൻസ്ജെന്റർ വിഭാഗം പറയുന്നു. ട്രാന്‍സ് സമൂഹത്തിന്‍റെ വിലയിരുത്തലുകള്‍ മനോരമ ന്യൂസ്ഡോട്ട്കോമിനോട് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരും ഒയാസിസ് കണ്‍സിഡര്‍ സോസൈറ്റിയുടെ സെക്രട്ടറി ശ്രീമയിയും.

തുല്യനീതിയും വേറിട്ട കണ്ണുകളും 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടൊരു വിഭാഗം ഇപ്പോഴാണ് അംഗീകരിക്കപ്പെട്ടത്. തുടര്‍ച്ചയായ പോരാട്ടത്തിന്‍റെ ഫലം കിട്ടി. പല മേഖലയിലും പ്രാവീണ്യം തെളിയിച്ചവര്‍ക്ക് അവിടെയൊന്നും തനതായ വ്യക്തി മുദ്ര പതിപ്പിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു‍. പലപ്പോഴു മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു. 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിനന്ദനം അര്‍പ്പിക്കുകയാണ്. അര്‍ഹതപ്പെട്ട പല സാഹചര്യത്തിലും ലിംഗാടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തുകയുണ്ടായി. ഇതിനിടെയാണ് 2014ല്‍ രണ്ട് ശതമാനം സംവരണം നടപ്പിലായത്. ഇത് സ്വീകാര്യമായത് വിദ്യാലയങ്ങളില്‍ മാത്രമായിരുന്നു. തൊഴില്‍മേഖലയില്‍ അപ്പോഴും മാറ്റിനിര്‍ത്തുന്ന പ്രവണതയുണ്ടായി. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതിനെ സംസ്ഥാന സര്‍ക്കാരുകളും നടപടി പ്രാബല്യത്തില്‍ വരുവാന്‍ ഉടനടി തുടങ്ങട്ടെയെന്നാണ് ആഗ്രഹം. ആണ്‍–പെണ്‍ എന്നതിന് അപ്പുറം ഇങ്ങനൊന്നുകൂടി ഇവിടെയുണ്ടെന്നതിനു തെളിവാണ് ഇന്നത്തെ നടപടി. സംവരണം പ്രഖ്യാപിച്ചിട്ടും സമൂഹം ഇനിയും മാറ്റിനിര്‍ത്തിയാല്‍ പറയാനുള്ള ചോദ്യവും ഉത്തരവും കൈയ്യിലുണ്ട്. വിദ്യാഭ്യാസ മേഖലയിലും, തൊഴില്‍മേഖലയിലും കഴിവു തെളിയിക്കാനുള്ള പരിശീലനം കൊടുത്തത്കൊണ്ട് അതത് സ്ഥലത്ത് ഉള്‍പ്പെടുത്തണമെന്നതാണ് സംവരണംകൊണ്ട് ഉദ്ദേശിക്കുന്നത്.

പല ട്രാന്‍സുകളിലും ഇത്തരം യോഗ്യതകളുണ്ടായിട്ടും അവര്‍ക്ക് വേണ്ടുന്ന പരിശീലനം കിട്ടാത്തതാണ് പ്രശ്നം. ഞാന്‍ എന്താകണമെന്ന് തീരുമാനിക്കുന്നത് അവരവരാണ്. അത്തരത്തില്‍ ട്രാന്‍സ് സമൂഹത്തെ വേറിട്ട കണ്ണോടെ നോക്കുന്ന രീതി ഇനിയും മാറ്റേണ്ടത് മനുഷ്യരാണെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

പ്രത്യേക വിഭാഗത്തിലേക്ക് കൊണ്ടുവരണം

ഒബിസി ലിസ്റ്റില്‍ ഒരുപാട് ആളുകളുണ്ട്. ട്രാന്‍സിനു പ്രത്യേക വിഭാഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീമയി പറയുന്നു. ഒബിസി വിഭാഗത്തില്‍ മറ്റ് വിഭാഗങ്ങളുള്ളതിനാല്‍ പോരാട്ടം എളുപ്പമായിരിക്കില്ല. അതിനാലാണ് ട്രാന്‍സിനായി പ്രത്യേകമൊരു വിഭാഗം വേണമെന്ന് തോന്നിയത്. നിഷേധ നിലപാടുകള്‍വച്ചു പുലര്‍ത്തുന്നവരുടെ കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാറ്റങ്ങള്‍ സമൂഹം ഏറ്റെടുത്ത് തുടങ്ങി. ഈ തീരുമാനം ഇതിനായുള്ള പ്രധാനപ്പെട്ട നാഴികകല്ലാണ്. സമൂഹം മാറി ചിന്തിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ദത്തെടുക്കല്‍, മാരേജ് രജിസ്ട്രേഷൻ തുടങ്ങി കാര്യങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇതും കൂടി മാറിയാലേ പൂര്‍ണ്ണമായി തുല്യ നീതിയെന്ന് പറയാന്‍ കഴിയുകയുള്ളുവെന്ന് ശ്രമായ പറഞ്ഞു. ആണ്‍ പെണ്‍ ട്രാന്‍സ് എന്നത് സമൂഹം അംഗീകരിക്കണം. അല്ലാത്തപക്ഷം ഉയരുന്ന ചില ശബ്ദങ്ങളോട് പ്രതികരിക്കുകയും ചെയ്യുമെന്ന്  ശ്രീമയി പറഞ്ഞു.

വളരെ പ്രതീക്ഷയോടെയാണ് സംവരണ നടപടിയെ ട്രാൻസ് വിഭാഗം കാണുന്നത്. സമൂഹത്തിലും ഒപ്പം അധികാരകേന്ദ്രങ്ങളിലും തങ്ങളോട് കാട്ടുന്ന വിവേചനത്തിന് വലിയൊരളവ് വരെ മാറ്റമുണ്ടാക്കാൻ പുതിയ തീരുമാനം വഴിവയ്ക്കും എന്നതുറപ്പാണ്. എല്ലാവരെയും ചേർത്തുനിർത്തുമ്പോഴേ സമൂഹം പൂർണമാകുകയുള്ളുവെന്ന് തിരിച്ചറിയാൻ നമുക്കും കഴിയണം. അതിന്റെ ചവിട്ടുപടിയാണ് സംവരണ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...