കോവിഡ് പരീക്ഷ മുടക്കി; ബിരുദ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിൽ

exam-n
SHARE

കോവിഡ് കാരണം പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയില്‍.  ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പകരം സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. പല സ്ഥലങ്ങളിലും പി.ജി പ്രവേശനം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ബിരുദ പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് ചേരേണ്ട കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണിവര്‍. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴി‍ഞ്ഞിരുന്നില്ല. പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാന്‍ തയാറായിരുന്നു വിദ്യാര്‍ഥികള്‍. എന്നാല്‍ സര്‍വകലാശാല അതിന് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഉപരി പഠനത്തിന് പ്രശ്നമാകാത്ത രീതിയില്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല സംവിധാനം ഒരുക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ ഉപരിപഠനത്തിനായുള്ള പ്രവേശന നടപടി അവസാന ഘട്ടത്തിലായിട്ടും ഇതുവരെ എന്ന് പരീക്ഷ നടത്തുമെന്ന് അറിയിച്ചിട്ടില്ല. 

നാല്, അഞ്ച്, ആറു സെമസ്റ്റര്‍ പരീക്ഷകളാണ്  എഴുതാനുള്ളത്. ഇതില്‍ നാലാം സെമസ്റ്ററിന്റെ ടൈംടേബിള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അതും സപ്തംബര്‍ 23 നാണ് പരീക്ഷ. അപ്പോഴേക്കും ബി.എഡ് ഉള്‍പ്പടെ പ്രവേശന നടപടി  പൂര്‍ത്തിയാകുമെന്ന ആശങകയിലാണ് വിദ്യാര്‍ഥികള്‍. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ പരീക്ഷ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തുടര്‍പഠനം സാധ്യമാക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...