നാളികേര വികസന ബോർഡിനെ കാവി പുതപ്പിക്കുന്നു, ഭരണകൂട ഭീകരത; സുധാകരൻ

bjp-sudhakaran-post
SHARE

നാളികേര വികസന ബോർഡിനെ കാവിവൽക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി കേര കർഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി. പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ഇരുസഭകളും പ്രക്ഷുബ്ധമായപ്പോള്‍ അതിനിടയിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്കു രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ കേന്ദ്രം പാസാക്കി.

രാജ്യത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവർക്കിഷ്ടമുള്ള നിയമം പാസാക്കിയെടുക്കുകയാണ് സംഘപരിവാർ ശൈലി. അതിന്‍റെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ്. കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ, കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബിജെപി ചെയ്തത്.

രാജ്യത്തെ കാർഷിക വിപണി കോർപറേറ്റുകൾക്ക് പതിച്ചു നൽകാനുള്ള നിയമത്തിനെതിരെ വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽതന്നെ, കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തിരുന്നു. പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ യോഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. ‘കേരം സംരക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു തെങ്ങുറപ്പ്’ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം നേതാവ് കെ.കെ രാഗേഷ് രാജ്യസഭാംഗമായിരിക്കെ ഈ ബോര്‍ഡിലുണ്ടായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...