വിജ്ഞാപനം ഇറക്കാന്‍ വൈകി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നിഷേധിച്ചു; ദുരിതം

farmers
SHARE

സംസ്ഥാന സർക്കാരിന്‍റെ വീഴ്ച മൂലം സംസ്ഥാനത്തെ നെൽകർഷകർക്ക് കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിലെ നഷ്ടപരിഹാരം നിഷേധിച്ചു. വിളനാശം സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കാന്‍ വൈകിയതാണ് കർഷകർക്ക് ആനുകൂല്യം നിഷേധിക്കാൻ കാരണം. കോട്ടയം ജില്ലയില്‍ മാത്രം ഇരുനൂറിലേറെ കര്‍ഷകരാണ് അടുത്ത കൃഷിയിറക്കാന്‍ പോലും പണമില്ലാതെ കടക്കെണിയിലായത്. 

പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയിൽ വിള ഇൻഷുർ ചെയ്ത കർഷകർക്കാണ് നഷ്ടപരിഹാരം നിഷേധിച്ചത്. 2018 മുതൽ മൂന്ന് വർഷം തുടർച്ചയായി വർഷകൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ കർഷകർ കേന്ദ്ര സർക്കാർ വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായി. ഒരേക്കറിന് 640 രൂപ വീതം പ്രീമിയവും അടച്ചു. ഒരു പഞ്ചായത്തിൽ എഴുപത്തിയഞ്ച് ശതമാനം കൃഷിനാശം റിപ്പോർട്ട് ചെയ്താൽ പദ്ധതിയിൽ അംഗങ്ങളായ എല്ലാവർക്കും ഇൻഷുറൻസ് തുക ലഭിക്കും. കൃഷി വകുപ്പ് മുന്‍കയ്യെടുത്ത് നഷ്ടം കണകാക്കി വിജ്ഞാപനമിറക്കി ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുന്ന മുറയ്ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷവും നിശ്ചിത സമയത്തിനുള്ളില്‍ വിജ്ഞാപനം ഇറക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ കര്‍ഷകര്‍ക്ക് നഷ്ടം ലക്ഷങ്ങളാണ്. 

വിജ്ഞാപനം അട്ടിമറിച്ചത് ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണെന്നും കര്‍ഷകര്‍ സംശയിക്കുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ മിക്കപഞ്ചായത്തുകളിലും 90 ശതമാനത്തിലേറെ കൃഷി നശിച്ചു. വൈക്കത്ത് തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽ മാത്രം ഏക്കറിന് ഇരുപതിനായിരത്തോളം രൂപ മുടക്കിയാണ് കൃഷി ഇറക്കിയത്. സംസ്ഥാന സർക്കാരിന്‍റെ  അനാസ്ഥക്കെതിരെ കര്‍ഷക പ്രതിഷേധവും ശക്തമാകുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...