ഭാർഗവിയമ്മയ്ക്ക് ആശ്വസിക്കാം; വീട്ടിൽ തുടരാം; ഉടമസ്ഥന്റെ നല്ലമനസിന് കയ്യടി

palakkadoldman
SHARE

ഭാർഗവിയമ്മ വിൽപന നടത്തിയ വീട്ടിൽ ആജീവനാന്തം താമസിക്കാൻ ഉടമസ്ഥന്റെ സമ്മതപത്രം ലഭിച്ചു. 9 വർഷം മുൻപു വിൽപന നടത്തിയ വീട്ടിൽ താമസിക്കാനാണു വീടു വാങ്ങിയ വ്യക്തി രേഖാമൂലം സമ്മതപത്രം നൽകിയത്. ആറങ്ങോട്ടുകര എഴുമങ്ങാട് മൂത്തേടത്ത് ഭാർഗവിയമ്മയും (79) ഭർത്താവ് നാരായണൻ നായരും (90) താമസിച്ചുവരുന്ന, ഭാർഗവിയമ്മയുടെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള വീടും ഒൻപത് സെന്റ് സ്ഥലവും പട്ടാമ്പി സ്വദേശിക്കു വിൽപന നടത്തിയിരുന്നു.

എന്നാൽ 4 സെന്റ് സ്ഥലവും വീടും തന്റെ ഉടമസ്ഥതയിൽ ഉണ്ട് എന്നായിരുന്നു ഭാർഗവിയമ്മയുടെ വാദം. ഇതോടെ, വീട് വാങ്ങിയ വ്യക്തിയെയും ഭാർഗവിയമ്മയ്ക്കൊപ്പം വിൽപനയ്ക്ക് ഒപ്പിട്ട, വ്യക്തികളെയും വീട്ടിലെത്തിച്ചു ചർച്ച നടത്തി. വിൽപന നടത്തിയത് ഭാർഗവിയമ്മയുടെ കൂടി അറിവോടെയാണ് എന്നായിരുന്നു മറ്റ് അവകാശികളുടെ പക്ഷം.

മക്കളില്ലാത്ത ഭാർഗവിയമ്മയും നാരായണൻ നായരും നാട്ടുകാരുടെ സംരക്ഷണയിലാണ് കഴിയുന്നത്. താൻ ഒരു കാലത്തും ദമ്പതികളോട് ഇവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അവർക്ക് ആജീവനാന്തം സന്തോഷമായി വീട്ടിൽ കഴിയാം എന്നും വീടു വാങ്ങിയ വ്യക്തി പഞ്ചായത്ത് അധികൃതർക്കും നാട്ടുകാർക്കും ഉറപ്പു നൽകിയതോടെയാണു പ്രതിസന്ധിക്കു പരിഹാരമായത്. തിരുമിറ്റക്കോട് പഞ്ചായത്ത് ഉപാധ്യക്ഷൻ പി.എൻ. മനോമോഹനൻ, പഞ്ചായത്ത് അംഗം രേഷ്മ, പൊതു പ്രവർത്തകൻ സുബ്രഹ്മണ്യൻ എന്നിവരും നാട്ടുകാരും ചർച്ചയിൽ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...