ഒരു യാത്രക്കാരനായി ഉന്നതന്റെ വിളി; കെഎസ്ആർടിസി ‘തിരിഞ്ഞോടിയത്’ 8 കി.മി; പ്രതിഷേധം

ksrtc-driving-seat
representative image
SHARE

കണ്ണൂർ: ഒരു യാത്രക്കാരനു വേണ്ടി റൂട്ട് മാറ്റി ഓടാൻ ആവശ്യപ്പെട്ട് ഉന്നതന്റെ വിളി. എട്ടു കിലോമീറ്ററോളം തിരിച്ചോടി കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്. ബെംഗളൂരുവിൽ നിന്നു മൈസൂരു, വിരാജ്പേട്ട, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി വഴി കണ്ണൂരിലേക്കുള്ള ബസാണ് ഉന്നതന്റെ വിളിയെത്തുടർന്നു യാത്രക്കാരെ വലച്ച് തിരിച്ചോടിയത്.

ബസ് കഴിഞ്ഞ 14നു വൈകിട്ടോടെ ഇരിട്ടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഏച്ചൂർ വഴി പോകാമോ എന്ന് ഒരാൾ അന്വേഷിച്ചിരുന്നു. റൂട്ട് ഏച്ചൂർ വഴിയല്ലെന്നു പറയുകയും ചെയ്തു. കൂത്തുപറമ്പിലും തലശ്ശേരിയിലുമെല്ലാം ഇറങ്ങാനുള്ള യാത്രക്കാർ ബസിൽ അപ്പോഴുണ്ടായിരുന്നു. ഇരിട്ടിയിൽ നിന്നു പുറപ്പെട്ട് ബസ് ഉളിയിൽ ഭാഗത്തെത്തിയപ്പോൾ ബസ് ജീവനക്കാരെത്തേടി ഒരു ഫോൺ വിളിയെത്തിയതായി യാത്രക്കാർ പറയുന്നു.

ഏച്ചൂർ വഴി പോകേണ്ട യാത്രക്കാരനെ ബസിൽ കയറ്റണമെന്നു നിർദേശിച്ചായിരുന്നു വിളി. അപ്പോഴേക്കും ബസ് എട്ടു കിലോമീറ്ററോളം പിന്നിട്ടിരുന്നു. ഇതോടെ ജീവനക്കാർ ബസ് തിരിച്ചുവിട്ടു. മറ്റു യാത്രക്കാർ പ്രതിഷേധം തുടങ്ങി. തിരിച്ചോടി ബസ് ഇരിട്ടിയിലെത്തിയപ്പോൾ ‘യാത്രക്കാരൻ’ അവിടെ ഉണ്ടായിരുന്നില്ല. ജീവനക്കാരും ബസിലെ യാത്രക്കാരും വലഞ്ഞതു മിച്ചം.

ഏച്ചൂരിൽ പോകേണ്ട യാത്രക്കാരനെ കണ്ടെത്താനായില്ലെന്ന വിവരം ജീവനക്കാർ ആരെയോ വിളിച്ചു പറഞ്ഞശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. വിളിച്ചത് ആരെന്നും ആർക്കുവേണ്ടിയാണ് ഇത്രയും ദൂരം ബസ് തിരികെ ഓടിച്ചതെന്നുമെല്ലാം അന്വേഷിച്ചെങ്കിലും ജീവനക്കാർ ഉത്തരം നൽകിയില്ലെന്നു യാത്രക്കാർ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ കെഎസ്ആർടിസി അധിക‍ൃതർ തയാറായില്ല.

MORE IN KERALA
SHOW MORE
Loading...
Loading...