50 രൂപയ്ക്ക് 3 നേരം ഭക്ഷണം; മാതൃകാപദ്ധതിയുമായി അയന്തോൾ; വൻവിജയം

thrissur-food
SHARE

ലോക്ഡൗണില്‍ അക്ഷയ കേന്ദ്രം അടച്ചുപൂട്ടിയപ്പോള്‍ നാട്ടുകാരെ ഊട്ടാന്‍ പ്രഖ്യാപിച്ച ഭക്ഷണ പദ്ധതി വിജയം കണ്ടു. അന്‍പതു രൂപയ്ക്കു മൂന്നു നേരവും ഭക്ഷണവുമെന്ന പദ്ധതിയാണ് നാട്ടുകാര്‍ വിജയിപ്പിച്ചത്. തൃശൂര്‍ അയ്യന്തോളിലാണ് ഈ മാതൃകാ പദ്ധതി.  

ദീര്‍ഘകാലമായി അക്ഷയ കേന്ദ്രം നടത്തിപ്പുകാരാണ് അയ്യന്തോള്‍ സ്വദേശി എ.ഡി.ജയന്‍. ലോക്ഡൗണ്‍ വന്നതോടെ അക്ഷയ കേന്ദ്രം അടച്ചിടേണ്ടി വന്നു. ഈ സമയത്താണ് നാട്ടുകാരെ സേവിക്കാന്‍ ഭക്ഷണ വിതരണ പദ്ധതി തുടങ്ങിയത്. ഒരാള്‍ക്കുള്ള ബ്രേക്ക് ഫാസ്റ്റും രണ്ടു നേരത്തേയ്ക്കുള്ള കറികളും വീട്ടില്‍ എത്തിക്കും. അന്‍പതു രൂപയാണ് നിരക്ക്. ഒരാഴ്ചയ്ക്കോ ഒരു മാസത്തേയ്ക്കോ ഒന്നിച്ചു ഓര്‍ഡര്‍ നല്‍കാവുന്ന പദ്ധതിയുമുണ്ട്. ഇളനീരിന് ആവശ്യക്കാര്‍ ഏറിയതോടെ നാല്‍പതു രൂപ നിരക്കില്‍ അതും വീടുകളില്‍ എത്തിക്കും. ദിവസവും പ്രാതല്‍. ഉച്ചയ്ക്കു രാത്രിയ്ക്കുമായി നാലു കറികള്‍. ആഴ്ചയില്‍ ഒരു ദിവസം ചിക്കനും ഒരു ദിവസം മീനും. ഭക്ഷണം തയാറാക്കാന്‍ കാര്യാട്ടുകരയില്‍ പ്രത്യേകം അടുക്കള സജ്ജീകരിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിയിലാണ് വിതരണം. 

കോമണ്‍ സര്‍വീസ് സെന്ററിന്‍റെ സി.എസ്.സി ഗ്രാമീണ്‍ ഇ സ്റ്റോര്‍ കസ്റ്റമര്‍ ആപ് വഴിയാണ് ബുക്കിങ്. ചുരുങ്ങിയ ചെലവില്‍  ഭക്ഷണം കിട്ടുന്നതിനാല്‍ ദിവസവും ഒട്ടേറെ ഓര്‍ഡറുകള്‍ കിട്ടുന്നുണ്ട്. ലോക്ഡൗണില്‍ സ്വന്തം ജോലി പ്രതിസന്ധിയിലായപ്പോള്‍ എങ്ങനെ അതിനെ മറികടക്കാമെന്നതിന്റെ ഉത്തമോദാഹരണം കൂടിയാണിത്.

MORE IN KERALA
SHOW MORE
Loading...
Loading...