‘പമ്പിൽ കോലം കത്തിച്ച് ഡിവൈഎഫ്ഐ’: പമ്പ് കൊളുത്തിയാകരുത്; റഹീമിനോട് രാഹുൽ

rahim-rahul-pump
SHARE

ഇന്ധന വില വർധനവിനെതിരെ  പെട്രോൾ പമ്പിന് മുന്നിൽ കോലം കത്തിച്ച് പ്രതിഷേധിച്ച ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എ.എ റഹീമിന് പുതിയ സമരരീതിയിലെ അപകടം ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ പരിഹാസം. പെട്രോൾ പമ്പിന് മുന്നിൽ കോലത്തിന് തീ വച്ച ശേഷം അത് എരിഞ്ഞ് അടങ്ങുന്നത് നോക്കി നിന്ന് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ചിത്രം ഇപ്പോൾ ട്രോൾ പേജുകളിലും കാണാം.

പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണമെന്ന് റഹീമിനോട് രാഹുൽ ഉപദേശിക്കുന്നു. ‘ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരന്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക. അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് ഡിവൈഎഫ്ഐ’ രാഹുൽ കുറിച്ചു. 

കുറിപ്പ് വായിക്കാം:

പ്രിയപ്പെട്ട റഹീം,

ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എൻ്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.

മറ്റ് സംഘടനകൾക്ക് നിരന്തരം ‘നിലവാര’ സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം. പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി ..

പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള  ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക.അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFl

MORE IN KERALA
SHOW MORE
Loading...
Loading...