കുലശേഖരം പാലത്തിന്‍റെ നിര്‍മാണം നവംബറോടെ തീർക്കണം: മന്ത്രി റിയാസ്

Kulasekharam-Bridge
SHARE

തിരുവനന്തപുരം കുലശേഖരം പാലത്തിന്‍റെ നിര്‍മാണം നവംബറോടെ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശം. പാലത്തിന്‍റെ നിര്‍മാണപുരോഗതി മന്ത്രി വിലയിരുത്തി. പാലത്തിന്‍റെ സ്പാനുകളുടെ കോണ്‍ക്രീറ്റ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മാണം വിലയിരുത്താനാണ് മന്ത്രി എത്തിയത്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്തും കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷും ഒപ്പമുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് 2019ല്‍ നിര്‍മാണം തുടങ്ങിയത്. എന്നാല്‍ സമയത്തിന് പൂര്‍ത്തിയായില്ല. ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് കരാറുകാരന്‍ പറഞ്ഞിരിക്കുന്നത്. നിര്‍മാണ പുരോഗതി വിലയിരുത്തിയ മന്ത്രി അതിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു.

പാലത്തിന്‍റെ അഞ്ച് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പാലം പൂര്‍ത്തിയായാല്‍ വട്ടിയൂര്‍ക്കാവ് – പേരൂര്‍ക്കട പ്രദേശങ്ങളില്‍ നിന്ന് പേയാട് – കാട്ടാക്കട ഭാഗത്തേക്കുള്ള ദൂരം 10 കിലോമീറ്റര്‍ കുറയും. തിരുമല, കുണ്ടമണ്‍കടവ് ഭാഗത്തെ ഗതാഗതത്തിരക്കിനും ശമനമുണ്ടാകും. 120 മീറ്റര്‍ നീളമുള്ള പാലത്തിന് 11 കോടിയാണ് നിര്‍മാണ ചെലവ്. 

MORE IN KERALA
SHOW MORE
Loading...
Loading...