15000 രൂപ പിഴയും 6 മാസം തടവും; ഊത്തപിടിച്ച് ഉല്ലസിക്കുന്നവർ ഓർക്കുക

illegal-fishing
SHARE

വെണ്ണിക്കുളം: കാലവർഷത്തിലെ വെള്ളമൊഴുക്കിൽ ഊത്തപിടിച്ച് ഉല്ലസിക്കുന്നവർ ഓർക്കുക, കടലിലെ മീനിനെപ്പോലെ തന്നെ നിയമപരമായ അവകാശങ്ങളുണ്ട് നാട്ടുമീനുകൾക്കും. മത്സ്യങ്ങളുടെ പ്രജനന സമയങ്ങളിൽ സഞ്ചാര പാതകളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാ കൾചർ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, വകുപ്പ് 6, ഉപവകുപ്പ് 3 മുതൽ 5 വരെയുള്ളത് പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും നടപടി സ്വീകരിക്കാവുന്നതാണ്. കൂട്, മടവല എന്നിവ ഉപയോഗിച്ച് മീൻ പിടിക്കുന്നതാണ് ഇത്തരത്തിൽ സാധാരണയായി ശിക്ഷാ നടപടിക്ക് വിധേയമായിട്ടുള്ളത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ പുഴകളിൽനിന്നു പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും കൂട്ടത്തോട്ടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്തയെന്ന് നാട്ടിൻപുറത്തുകാർ വിളിക്കുന്നത്. 

∙ അടഞ്ഞ മീൻവഴികൾ

നദികളിൽനിന്ന് ചെറുജലാശയങ്ങളിലേക്കും വയലുകളിലേക്കും വിശാലമായി യാത്ര ചെയ്യുന്നതിന് മുൻപ് സൗകര്യമുണ്ടായിരുന്നപ്പോൾ പ്രജനനവും എളുപ്പമായിരുന്നു. യാത്രാ മാർഗം അടഞ്ഞ വയലുകളും തോടുകളുമാണ് ഇപ്പോൾ എറെയും. കൊയ്തെടുത്ത നെല്ലിന്റെ കുറ്റിയും മറ്റ് ചെറു സസ്യങ്ങളുമുള്ള ഇടങ്ങളിലൊക്കെയാണ് മീനുകൾ മുട്ടയിടുന്നത്. ഇതിനു പരിമിതമായ സ്ഥലമാണ് പലയിടത്തുമുള്ളത്. വ്യാപകമായിരുന്ന കീടനാശിനി പ്രയോഗവും ഭീഷണിയായി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വളർത്തു മത്സ്യങ്ങളെ നദികളിലേക്ക് വിടാൻ തുടങ്ങിയതോടെ നാടൻ മത്സ്യങ്ങൾക്ക് മറ്റൊരു ഭീഷണിയായി. ഇതിന് പുറമേ മത്സ്യകൃഷി ചെയ്ത ഇടങ്ങൾ  മഹാപ്രളയത്തിൽ കരകവിഞ്ഞ് നദികളിൽ എത്തപ്പെട്ട വലിയ മത്സ്യങ്ങളും പ്രശ്നക്കാരായി.

∙ നാടൻ മത്സ്യങ്ങൾക്ക് പരിപാലനവും സംരക്ഷണവും

നാടൻ മത്സ്യങ്ങളായ ചെമ്പല്ലി, മുഷി, വരാൽ, കാരി, ആറ്റുകൊഞ്ച്, വാള, മഞ്ഞക്കൂരി, പള്ളത്തി, വയമ്പ്, കോല, ആരകൻ, മുള്ളി, കല്ലേമുട്ടി തുടങ്ങി പലതും വംശനാശത്തിന്റെ വക്കിലായതോടെ സർക്കാർ ഇവയെ സംരക്ഷിക്കാൻ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. 2016 മുതൽ കവിയൂർ പോളചിറയിലുള്ള മത്സ്യ വിത്തുൽപാദക കേന്ദ്രത്തിൽ നാടൻ മത്സ്യങ്ങളെ സംരക്ഷിച്ച് പരിപാലിക്കുന്ന പദ്ധതി നടന്നുവരുന്നു. അപൂർവ നാടൻ മത്സ്യങ്ങളെ ആർക്കെങ്കിലും ലഭിച്ചാൽ പോളചിറയിലെ കേന്ദ്രത്തിൽ എത്തിച്ചാൽ അവയെ സംരക്ഷിക്കാൻ കഴിയും.

MORE IN KERALA
SHOW MORE
Loading...
Loading...