പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; പ്രഖ്യാപിച്ച് എസ്എഫ്ഐയുടെ കുറിപ്പ്

palestine-sfi
SHARE

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ കേരള എന്ന ഔദ്യോഗിക പേജിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.  ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണെന്നും കുറിപ്പിൽ പറയുന്നു.

‘പലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്കെല്ലാം പാലസ്തീൻ ജനതയുടെ പിറന്ന മണ്ണിൽ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികൾ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും  എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.’ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 

സംഘർഷം തുടരുന്ന കിഴക്കൻ ജറുസലമിൽ അൽ അഖ്‌സ പള്ളി വളപ്പിൽ ഇസ്രയേൽ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. 305 പലസ്തീൻ പൗരന്മാർക്കു പരുക്കേറ്റു. 8 പേരുടെ നില ഗുരുതരം. ഡസനിലേറെ കണ്ണീർവാതക ഷെല്ലുകളും സ്റ്റൺ ഗ്രനേഡുകളും പള്ളി അങ്കണത്തിൽ പതിച്ചു.

അതിനിടെ, ഗാസയിൽ നിന്ന് ഇസ്രയേലിലേക്കു പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് റോക്കറ്റാക്രമണം നടത്തി. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേനയുടെ പിന്മാറ്റത്തിനു ഹമാസ് നൽകിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണു റോക്കറ്റാക്രമണം. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് ബലപ്രയോഗങ്ങളിൽ നൂറുകണക്കിനു പലസ്തീൻ യുവാക്കൾക്കാണു പരുക്കേറ്റത്.കിഴക്കൻ ജറുസലമിലെ ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കമാണു ആഴ്ചകളായി തുടരുന്ന സംഘർഷത്തിനു കാരണം. ഇന്നലെ ഇസ്രയേലിലെ തീവ്രദേശീയവാദി വിഭാഗങ്ങളുടെ പ്രകടനം ആരംഭിക്കുന്നതിനു മുൻപു രാവിലെ ഏഴോടെയാണു സംഘർഷം ആരംഭിച്ചത്. പള്ളിക്കകത്തുണ്ടായിരുന്ന നാനൂറോളം പേരെ ലക്ഷ്യമിട്ടാണു ഇസ്രയേൽ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചത്. പൊലീസിനെ ചെറുത്ത് കല്ലേറുമുണ്ടായി. 

അതേസമയം ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി മുപ്പത്തിരണ്ടുകാരിയായ സൗമ്യ സന്തോഷാണ് മരിച്ചത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേലുകാരിയായ സ്ത്രീയും മരിച്ചു. വൈകിട്ട് കീരിത്തോട്ടിലുള്ള ഭർത്താവുമായി  ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഷെല്ലുകൾ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. 7 വർഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.

MORE IN KERALA
SHOW MORE
Loading...
Loading...