45 വയസിന് മുകളിലില്ല; ഞങ്ങള്‍ പ്രതിരോധ പ്രവര്‍ത്തകര്‍; വാക്സീന് അർഹതയുണ്ട്: ചിന്ത

covid-vaccine-chintha
SHARE

സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം കോവിഡ് വാക്സീൻ സ്വീകരിച്ച ചിത്രത്തിന് താഴെ കമന്റുകൾ നിറയുകയാണ്. ചിന്തയ്ക്ക് 45 വയസിന് മുകളിൽ പ്രായം ഉണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. ട്രോൾ പേജുകളിലും വിഷയം ചർച്ചയായി. ‘കോവാക്സിൻ സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.’ എന്നാണ് ചിന്ത വാക്സീൻ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്. 

എന്നാൽ താൻ വാക്സീൻ സ്വീകരിച്ചതിന് പിന്നിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന് ചിന്ത തന്നെ പറയുന്നു. വാക്സീന്റെ ആദ്യ ഘട്ടം ആരോഗ്യപ്രവർത്തകർക്കും രണ്ടാമത് മുന്നണി പോരാളികൾക്കുമാണെന്നാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ഇതിന് പ്രായം മാനദണ്ഡമല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞത്. 24 മണിക്കൂറും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ഞങ്ങൾ. സംസ്ഥാന യുവജനകമ്മിഷന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. ആദ്യ തരംഗ സമയം മുതൽ കോവിഡിനെ നേരിടാൻ പ്രവർത്തിക്കുന്നവരാണ് യുവജനകമ്മിഷൻ ഓഫിസിലെ ജീവനക്കാർ. അവരെല്ലാം തന്നെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ഇതൊക്കെ വിവാദമാക്കുന്നവർ ഇതൊന്നും ചിന്തിക്കുന്നില്ലേ. കോവിഡ് മുന്നണി പോരാളികൾക്ക് വാക്സീൻ സ്വീകരിക്കാം. പ്രായം ഒരു പ്രശ്നമല്ല. യുവജനകമ്മീഷനാണ് സിഎഫ്എല്‍ടിസികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുന്നത്. സര്‍ക്കാര്‍ സെക്രട്ടറി റാങ്കിലുള്ള തനിക്ക് വാക്സീന്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും ചിന്ത പറഞ്ഞു. 

തിരുവനന്തപുരം മേയർ ആര്യയും വാക്സീൻ സ്വീകരിച്ചിരുന്നു. കോവിഡ് മുന്നണി പോരാളികൾക്ക് വാക്സീൻ പ്രായം കണക്കാതെ നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം.

MORE IN KERALA
SHOW MORE
Loading...
Loading...