ചിരിയിൽ പൊതിഞ്ഞ ചിന്തകളുടെ ഉടയോൻ ; സ്വർണനാവുള്ള ഇടയന് വിട

mar-chrisostom
SHARE

ഗൗരവവും ഔപചാരികതയും നിറഞ്ഞ സഭാ ഇടങ്ങളില്‍നിന്ന് പൊട്ടിച്ചിരിയുടെ ശബ്ദം ഉയരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം മൈക്കിന്‍റെ പിന്നില്‍ ഉള്ളത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയല്ലാതെ മറ്റാരുമല്ല. അങ്ങനെയൊരു കാലഘട്ടത്തിന് തിരശീല.  ഉപദേശങ്ങളുടെ ക്യാപസ്യൂള്‍ മരുന്നുകള്‍ നേരിട്ട് കുറിക്കത്ത ഇടയന്‍. ചിരികൊണ്ട് ചിന്തയെ പൊതിഞ്ഞ ഉടയോന്‍. ക്രിസോസ്റ്റം എന്നാല്‍ സ്വര്‍ണനാവുള്ളവന്‍ എന്നര്‍ത്ഥം.   അതെ സ്വര്‍ണനാവുള്ള ഇടയന്‍ യാത്രയായി. ഓര്‍ത്ത് ചിരിക്കാന്‍, ചിരിച്ചുകൊണ്ട് ചിന്തിക്കാന്‍ ഒരുപാടൊരുപാട് ബാക്കിവച്ചുകൊണ്ട്. 

ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച്  പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.ജനഹൃദയങ്ങളില്‍ എന്നുംനിറഞ്ഞുനില്‍ക്കുന്ന സുവര്‍ണനാവുകാരന്‍.ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്,ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപായിരുന്ന അപൂർവ നേട്ടത്തിന് ഉടമ, മലങ്കര മാര്‍ത്തോമ്മാസഭയുടെ ആത്മീയാചാര്യന്‍ തുടങ്ങി വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് നിരവധിയാണ്. സ്വതസിദ്ധമായ നര്‍മരസം തന്നെയാണ് ക്രിസോസ്റ്റത്തെ പ്രിയങ്കരനാക്കിയത്. പ്രസന്ന വദനന്‍. എന്തിലും തമാശ കാണുന്നവന്‍. വിവാഹം കഴിഞ്ഞ ഏഴുവര്‍ഷമായിട്ടും മക്കളില്ലാത്ത ദമ്പദിമാര്‍ ഒരിക്കല്‍ ക്രിസോസ്റ്റത്തെ കാണാന്‍ വന്നു. വൈദികന്‍റെ അനുഗ്രഹവും പ്രാര്‍ഥനയും വേണം. അതാണാവശ്യം. എന്നാല്‍ വൈദികന്‍ അവരെ ആശ്വസിപ്പിച്ചത് ഇങ്ങനെ. ഏഴുവര്‍ഷം മക്കളില്ലാതെ ജീവിച്ചിട്ടും ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടി. പണം സമ്പാദിക്കാനായി. ഇനിയിപ്പോള്‍ മക്കളുണ്ടായാല്‍ സൂക്ഷിക്കണം. പ്രസവം റിസ്കാണ്. പണച്ചിലവും കൂടും. കുട്ടിവലുതായാല്‍ സ്കൂളില്‍ വിടണം,പിന്നെ വിവാഹം തുടങ്ങി നിരവധി ചിലവുകള്‍. എല്ലാം കൂടി  താങ്ങാനാകുമോ. അതുകൊണ്ട് സമാധാനത്തോടെ മടങ്ങ്. ഭാര്യ പൊട്ടിക്കരഞ്ഞു. അപ്പോള്‍ ഭര്‍ത്താവ് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, തിരുമേനിയുടെ സ്വഭാവം ഇങ്ങനെയാ. പുള്ളി നമുക്കുവേണ്ടി പ്രാര്‍ഥിക്കും നമുക്ക് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യും. അവര്‍ സമാധാനത്തോടെ മടങ്ങി. സാക്ഷാല്‍ ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടാലും രണ്ടുതമാശ പറഞ്ഞേ തിരുമേനി വിടൂ. 

ജനനത്തെക്കുറിച്ച് ചോദിച്ചാലും പറയാനുണ്ട് നര്‍മത്തില്‍ പൊതിഞ്ഞൊരു കഥ. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് തന്‍റെ ജനനം കാരണമാണെന്നാണ് തിരുമേനിയുടെ തിയറി. 1918 ഏപ്രിൽ 27 നായിരുന്നു ജനനം. ആ വര്‍ഷമാണല്ലോ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്. അതിന്‍റെ ക്രഡിറ്റും സ്വയം ഏല്‍ക്കാന്‍ തെല്ലും മടിച്ചില്ല ഫലിതപ്രിയന്‍. മാർത്തോമ്മാ സഭയുടെ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയും ശോശാമ്മയുമാണ് മാതാപിതാക്കള്‍. ധര്‍മിഷ്ഠന്‍എന്നായിരുന്നു ആദ്യത്തെ വിളിപ്പേര്. മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാരാമൺ മിഡിൽ സ്കൂൾ, കോഴഞ്ചേരി ഹൈസ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആലുവ യുസി കോളജിൽ  ബിരുദ പഠനം. 1940ൽ അങ്കോല ആശ്രമത്തിലെ അംഗമായി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം പൂര്‍ത്തിയാക്കി. മാതൃഇടവകയായ ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിയില്‍ 1944 ലെ പുതുവര്‍ഷത്തില്‍ ഫിലിപ് ഉമ്മന്‍ എന്ന വൈദിക വിദ്യാര്‍ഥി ശെമ്മാശന്‍ പട്ടം സ്വീകരിച്ചു. ആവര്‍ഷം  ജൂണില്‍ വൈദികപട്ടവും. 1953 മേയ്  23ന് എപ്പിസ്കോപ്പയായി അഭിഷിക്തനായി . വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്ത,  കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു അഖിലലോക സഭാ കൗൺസിലുകളില്‍ മാര്‍ത്തോമ്മാസഭയുടെ പ്രതിനിധിയും.  1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ  സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകന്‍. തന്നെ മെത്രാപ്പോലിത്തയാക്കിയത് നാട്ടില്‍ അയല്‍വക്കത്തുകാരനായ തെങ്ങുകയറ്റക്കാരന്‍ ശങ്കു ആണെന്ന് തിരുമേനി പറയുന്നതുകേട്ട് ഏവരും ഞെട്ടിയിട്ടുണ്ട്. സംഗതി സത്യമാണ്. തേങ്ങയായിരുന്നു വീട്ടിലെ ഉപജീവന മാര്‍ഗം. ശങ്കു വന്നില്ലെങ്കില്‍ തേങ്ങ ഇടാനാകില്ല. പണമുണ്ടാകില്ല. പഠിക്കാനാകില്ല. താഴ്മതാന്‍ അഭ്യുന്നതി

പമ്പയാറിനു തീരത്തെ മാരാമൺ എന്ന ഗ്രാമം ചരിത്രത്തിൽ ഇടംപിടിച്ചത് 1895–ൽ ആരംഭിച്ച മാരാമൺ കൺവെൻഷനിലൂടെയാണ്. നൂറുവർഷം മുമ്പ് നടന്ന മാരാമൺ കൺവെൻഷനിലെ പ്രധാന പ്രഭാഷകൻ സാധു സുന്ദർ സിങ് ആയിരുന്നു. ഉച്ചഭാഷിണിയില്ലാതിരുന്ന കാലം. സാധുവിന്റെ ഹിന്ദി പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ പന്തലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉപദേശിമാർ ഏറ്റു പറയുന്നു. വടക്കേ ഇന്ത്യയിൽ സേവനത്തിനായി മിഷനറിമാരെ അയയ്ക്കണമെന്ന ആഹ്വാനത്തോടെയാണ് ആ പ്രസംഗം അവസാനിച്ചത്.  സദസ്സിന്റെ മുൻനിരയിലിരുന്ന മാർത്തോമ്മാ സുവിശേഷസംഘം സെക്രട്ടറി റവറന്റ് കെ.ഇ. ഉമ്മൻ സഹധർമിണി ശോശാമ്മയോട് സ്വകാര്യമായി പറഞ്ഞു: ''നമുക്കിനി ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അവനെ സുവിശേഷവേലയ്ക്ക് അയയ്ക്കാം.'' അവര്‍ക്ക് വീണ്ടും പിറന്നത് ആണ്‍കുട്ടിയാണ്. അപ്പനും അമ്മയും സ്വപ്നം കണ്ടതിനേക്കാൾ ഉന്നതിയിലെത്തിയ ആ പുത്രനാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ബിരുദപഠനം പൂർത്തിയായപ്പോൾ  ഗോപാലകൃഷ്ണഗോഖലെ സ്ഥാപിച്ച ഭാരതസേവാസംഘത്തിൽ അംഗമാകാനാണ് ആഗ്രഹിച്ചു. എന്നാൽ, അങ്കോള മിഷൻ പുനരുജ്ജീവിപ്പിക്കുന്നതിൽ പങ്കാളിയാകാനുള്ള അപ്പന്റെ നിർദേശം   ദൈവവിളിയായി സ്വീകരിക്കാനായിരുന്നു തീരുമാനം. അങ്കോളയിലെ ആദിവാസികളോടുകൂടിയും കാർവാറിലെ മുക്കുവരോടുകൂടെയും നാലുവർഷം സേവനം ചെയ്തു. പുരോഹിതവൃത്തിയിലേക്കുള്ള ചവിട്ടുപടിയായിരുന്നു ആ മിഷനറി വേല. സഭയുടെ നിർദേശപ്രകാരമാണ് ദൈവശാസ്ത്ര വിദ്യാർഥിയായത്. അക്കാലത്ത് ബാംഗ്ലൂരിലെ സഭാംഗങ്ങൾക്ക് ഒരു വൈദികനെ ആവശ്യമായി വന്നു. സഭാതലവൻ യൂഹാന്നോൻ മാർത്തോമ്മ ഫിലിപ്  ഉമ്മനോട്  ആമുഖമൊന്നുമില്ലാതെ ചോദിച്ചു: പട്ടക്കാരനാകാമോ? ഫിലിപ് ഉമ്മന്‍  ആമേൻ പറഞ്ഞു. മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം  കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. 1954 മുതൽ 2018വരെ തുടർച്ചയായി 65 മരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. 8 മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസുമൊക്കെയായിരുന്നു തിരുമേനിയുടെ വീരപുരുഷന്മാർ. സഭയുടെ തലപ്പത്തുനില്‍ക്കുമ്പോളും എപ്പോളും മറ്റ് മതസ്ഥരുമായും മറ്റ് ആശയക്കാരുമായി സൗഹൃദം. ഓഫീസ് മുറിയില്‍ കണ്ണോടിച്ചാല്‍ നിരവധി ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ കാണാം. 

ലളിത ജീവിതത്തിനുടമ. തികച്ചും ഭാരതീയ സന്യാസ ശൈലിയാണ് ക്രിസോസ്‌റ്റം തിരുമേനി പിന്തുടര്‍ന്നത്.  സ്‌ഥാനവസ്‌ത്രത്തിനടിയിൽ മുണ്ടുധരിക്കുന്ന മറ്റൊരു ബിഷപ്പും ലാകത്തുണ്ടോയെന്ന് സംശയം. വിദേശികളായ പൈജാമയും പാന്റ്‌സും അദ്ദേഹം വലിച്ച് ദൂരെയറിഞ്ഞിട്ടു കാലംകഴിഞ്ഞു. തെരുവില്‍ അലഞ്ഞ ഒരുപാട് ജീവിതങ്ങള്‍ക്ക് അത്താണിയായ ഇടയന്‍ കൂടിയാണ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. നാടോടി ബാലനായിരുന്ന സുബ്രമണ്യന്‍ പറയും ആ കരുണയുടെ മഹാവൃക്ഷത്തെക്കുറിച്ച്

എല്ലാവരുമായും നല്ല ബന്ധം. അക്കാര്യത്തില്‍ ചെറുതല്ലാത്ത നിര്‍ബന്ധമുണ്ടായിരുന്നു. പദവികളല്ല സ്നേഹമാണ് തന്‍റെ സന്തോഷമെന്ന് പറയുകയും പ്രവര്‍ത്തിയാല്‍ കാട്ടിത്തരുകയും ചെയ്തു തിരുമേനി

അധികാരത്തിന്‍റെ അഹങ്കാരങ്ങളോടും പാവങ്ങളെ പുച്ഛിക്കുന്നവരോടും പൊറുക്കാത്തവന്‍. ഒരിക്കല്‍ ഇംഗ്ലണ്ടിലെത്തിയ തിരുമേനിയെ ഇന്ത്യയുെട ചരിത്രം പറഞ്ഞ് കളിയാക്കാന്‍ സംഘാടകന്‍ ശ്രമിച്ചു. ഇന്ത്യയിലെ റോഡുകളില്‍ ഇപ്പോളും കരടിയും സിഹവും ഇറങ്ങിവരാറുണ്ടോ എന്നായിരുന്നു ചോദ്യം. 1847 നുശേഷം കണ്ടിട്ടില്ല എന്നായിരുന്നു തിരുമേനിയുടെ മറുപടി.  1947–ൽ, ഇന്ത്യ സ്വതന്ത്ര്യയായ വര്‍ഷം ധർമിഷ്ഠൻ അഥവാ ഫിലിപ്പ് ഉമ്മൻ എന്ന  വൈദികന്‍ തമിഴ്നാട്ടിലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായി എന്നു കേട്ടാല്‍ ആരും വിശ്വസിക്കില്ല.  ബാംഗലരുവിലെ പഠനം കഴിഞ്ഞ് തിരികെ സ്വന്തം ഗ്രാമത്തിലേക്കുള്ള മടങ്ങുമ്പോളാണ് ക്രിസോസ്റ്റം ജോലാർ പേട്ട് റെയിൽവേ സ്റ്റേഷനിലെത്തിയത്. ചുമട്ടുകാരുടെ അരാജക ജീവിതം കണ്ട വൈദികന്‍ അവരെ ഉപദേശിച്ചു. ആദര്‍ശം പറയാന്‍ എളുപ്പമാണ് പറ്റുമെങ്കില്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചുനോക്ക് എന്നായിരുന്നു തൊഴിലാളികളുടെ മറുപടി. പിന്നെ മടിച്ചില്ല. അവിടെ അവര്‍ക്കൊപ്പം ചുമട്ടുതൊഴിലാളിയായി കൂടി. തിരുപ്പത്തൂരിലെ ക്രിസ്തുകുല ആശ്രമത്തിൽ താമസിച്ച് റെയിൽവേ പോർട്ടറായി ജീവിച്ചു. താഴിലാളികളിലൊരാളായി അവരെ നവീകരിച്ചു. റെയിൽവേപോർട്ടറായി അംഗത്വമെടുത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹത്തോടെ  മെത്രാപ്പോലീത്തയെ ചെന്നുകണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു,  നല്ല കാര്യമാണ്. പക്ഷേ, ഇപ്പോൾ വേണ്ട. നാട്ടിലെ മൂന്ന് ഇടവകകളിലേക്ക് ഞാൻ അച്ചനെയാണ് കണ്ടുവെച്ചിരിക്കുന്നത്' എന്ന്. ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി പ്രവർത്തിക്കണം .  ദൈവവചനം ജനങ്ങൾക്കു നേരേ എറിഞ്ഞുകൊടുക്കുന്നതിൽ അർഥമില്ല. അതായിരുന്നു ക്രിസോസ്റ്റത്തിന്‍റെ നിലപാട്. നൂറുവയസുവരെ ജീവിച്ച കാര്യം ചോദിച്ചാല്‍ മുഖത്ത് ചിരി പടരും. പിന്നാലെ വരും സ്വതസിന്ധമായ മറുപടി. സാധാരണ ആളുകൾ അറുപതോ എഴുപതോ വർഷം കൊണ്ട് പൂർത്തിയാക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് നൂറുവർഷമെങ്കിലും വേണമെന്ന് ദൈവത്തിനറിയാം.

നാട്ടിലെ ഒരു പോസ്റ്റുമാനു ക്രിസ്മസ്കാര്‍ഡ് അയച്ചിട്ടുണ്ട് ക്രിസോസ്റ്റം തിരുമേനി. എത്രയോ വർഷങ്ങളായി പലർക്കും ക്രിസ്മസ് കാർഡ് കൊടുക്കുന്ന എനിക്ക് ഒരു കാർഡ് കിട്ടുന്നത് ഇതാദ്യമായാണ് എന്നുപറഞ്ഞ് സന്തോഷത്തോടെ തിരുമേനിക്കരുകിലെത്തി ആ തപാല്‍ക്കാരന്‍. യേശുവിനും എനിക്കും സ്വന്തമായി ഭൂമിയില്ല എന്നു പറഞ്ഞതിനു ശേഷം യേശുവിന് ഭൂമിയില്ല എന്നറിയാവുന്ന ആരോ ആണ് മൂന്നാറിലെ സർക്കാർ ഭൂമിയിൽ കുരിശ് സ്ഥാപിച്ചതെന്നും മുള്ളുവച്ച് പറഞ്ഞു തിരുമേനി

തന്‍റെ ജീവിതത്തില്‍ തൃപ്തിനായിരുന്നു ക്രിസോസ്റ്റം തിരുമേനി. കാന്‍സര്‍ രോഗബാധിതനായപ്പോള്‍ താന്‍ എണ്‍പത്തിയഞ്ചുവര്‍ഷം ലോകത്ത് ജീവിച്ചുകഴിഞ്ഞു എന്നായിരുന്നു പ്രതികരണം.  തന്നെ ചികില്‍സിച്ച ഡോക്ടറെ അവസാനകാലത്തും ചിരിപ്പിച്ച രോഗി

ദൈവം ക്രിസോസ്റ്റം തിരുമേനിയിലൂടെ മനുഷ്യരോട് സംസാരിച്ചു എന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്. വൈദിക സമൂഹത്തിന്‍റെ മുന്നിലുള്ളത് ദൈവത്തിലേക്കുള്ള വഴിയാണ്. വെട്ടിത്തെളിക്കപ്പെട്ട ആ പതിവ് വഴിയില്‍ നിന്ന് മാറിനടന്നു മാര്‍ ക്രിസോസ്റ്റം. മുന്നോട്ടുപോയത് ഒറ്റക്കല്ലതാനും. ചിരിയുടെ മധുരം വിതറി അവന്‍ നമ്മെ നന്മയിലേക്ക് നയിച്ചു. ചിരിച്ചുകൊണ്ട് മുന്നോട്ടുപോയ നാമറിഞ്ഞില്ല നേര്‍വഴിക്കാണ് പോകുന്നതെന്ന്. ദൈവമാണ് ഏറ്റവും വലിയ തമാശക്കാരനെന്ന് ജീവിച്ച് പഠിപ്പിച്ച നന്മനിറഞ്ഞ നര്‍മം മാഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...