ചേരിതിരിഞ്ഞ് കോൺഗ്രസ്; നിലപാട് കടുപ്പിക്കാൻ എ ഗ്രൂപ്പ്

CongressGroup
SHARE

തോല്‍വിക്ക് പിന്നാലെ നേതൃമാറ്റ ആവശ്യം ശക്തമായ കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള നീക്കങ്ങള്‍ ശക്തമായി. പെട്ടെന്ന് നേതൃമാറ്റം വേണ്ടെന്നാണ് കെ.സുധാകരന്റേയും കെ മുരളീധരന്റേയും നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ രമേശ് ചെന്നിത്തലയും തയാറല്ലെന്ന് വ്യക്തമായതോടെ, തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്ന് നിലപാട് കടുപ്പിക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചു.  

നേതൃമാറ്റത്തിനായി മുറവിളി ശക്തമാകുമ്പോഴും സംയമനത്തോടെയായിരുന്നു കെ. സുധാകരന്റേയും കെ. മുരളീധരന്റേയും പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും കെ.പി.സി.സി നേതൃത്വത്തെ ശക്തമായ വിമര്‍ശിച്ച ഇരുവരും നിലപാട് മയപ്പെടുത്തിയത് അധികാര സ്ഥാനങ്ങള്‍ മോഹിച്ചാണെന്ന ആക്ഷേപമുണ്ട്. മുല്ലപ്പള്ളി മാറിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്‍ വരാനാണ് സാധ്യത. മുരളീധരനും സംസ്ഥാന രാഷ്ട്രീയത്തിലാണ്  താല്‍പര്യം. അനാവശ്യ വിമര്‍ശനങ്ങളുന്നയിച്ച്, സാധ്യത ഇല്ലാതാക്കേണ്ടന്നാണ് ഇരുവരുടേയും തീരുമാനം. അതേസമയം ഹൈക്കമാന്‍ഡ് പറയാതെ രാജിവയ്ക്കാനില്ലെന്നതില്‍  മുല്ലപ്പള്ളി ഉറച്ചുനില്‍ക്കുന്നു. പ്രതിപക്ഷനേതൃ സ്ഥാനം മാറുന്നതില്‍ ചെന്നിത്തലയ്ക്കും മിണ്ടാട്ടമില്ല. ഈ സാഹചര്യത്തിലായിരുന്നു എ ഗ്രൂപ്പിന്റ രഹസ്യയോഗം. ആര്യാടന്‍ മുഹമ്മദിന്റ കവടിയാറിലെ ഫ്ലാറ്റിലെ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും കെ.സി ജോസഫും അടക്കം പ്രധാന നേതാക്കളെല്ലാം ഉണ്ടായിരുന്നു. സുധാകരന്റ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ചില എ ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശിച്ചെങ്കിലും സുധാകരനും വി ഡി സതീശനും അടങ്ങുന്ന പുതുനിര വരുന്നത് തങ്ങളുടെ പ്രസക്തി ഇല്ലാതാക്കുമെന്ന ആശങ്ക എ വിഭാഗത്തിനുണ്ട്. വെള്ളിയാഴ്ചത്തെ രാഷ്ട്രീയകാര്യസമിതിയില്‍ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായി. എന്നാല്‍ ഗ്രൂപ്പ് യോഗമല്ല, സുഖമില്ലാതെ ആര്യാടനെ കാണാന്‍ പോയതാണെന്നായിരുന്നു എം എം ഹസന്റ വാദം 

തോറ്റ് നാണം കെട്ടാലും, പാര്‍ട്ടി തകര്‍ന്നാലും, ഗ്രൂപ്പ് വിട്ടൊരു കളിയുമില്ലെന്നാണ് ഒരു കൂട്ടം നേതാക്കളുടെ ചിന്ത. തോല്‍വിയുടെ  ഉത്തരവാദിത്തം ഏതെങ്കിലും ഒരു പക്ഷത്തിന്റ തലയില്‍ കെട്ടിവച്ച് തടിയൂരാനാണ് ഇപ്പോള്‍ ഒാരോരുത്തരുടേയും ശ്രമം. 

MORE IN KERALA
SHOW MORE
Loading...
Loading...