ഇന്ന് ടിപിയുടെ ഓർമ ദിനം; ഒൻപതാമാണ്ടിലും ചർച്ചയാകുന്ന 51വെട്ടിന്റെ രാഷ്ട്രീയം

tpwb
SHARE

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പതാണ്ട്. അന്‍പത്തി ഒന്ന് വെട്ടിന്റെ രാഷ്ട്രീയം ഇപ്പോഴും ചര്‍ച്ചയാകുമ്പോള്‍ ഇടത് തരംഗത്തിനിടയിലും ടി.പിയുടെ ഭാര്യ കെ.കെ.രമ വടകരയില്‍ നേടിയ മികച്ച വിജയമാണ് ഈ ഓര്‍മദിനത്തിന്റെ പ്രത്യേകത. ചന്ദ്രശേഖരന്റെ ശബ്ദം 

നിയമസഭയില്‍ നിരന്തരം മുഴങ്ങുമെന്ന രമയുടെ പ്രഖ്യാപനം സി.പി.എം നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. ജനങ്ങളുടെ ഓരം ചേര്‍ന്ന് നീങ്ങുന്നവരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റെന്ന് ആവര്‍ത്തിച്ചു. പിന്തുടര്‍ന്ന മൂല്യങ്ങളില്‍ വ്യതിചലിക്കാത്തതിനാല്‍ നേതൃത്വത്തിനോട് 

നിരന്തരം കലഹിച്ചു. മനസില്ലാ മനസോടെ ബദല്‍ രാഷ്ട്രീയ വഴി തെരഞ്ഞെടുക്കുമ്പോഴും ടി.പി ചന്ദ്രശേഖരന്‍ പലര്‍ക്കും വഴികാട്ടിയായിരുന്നു. സ്നേഹം നിറയ്ക്കുന്ന പൊതുപ്രവര്‍ത്തകന്‍. സമാന്തര പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വേവലാതി പൂണ്ടവര്‍ ഒന്‍പത് വര്‍ഷം മുന്‍പുള്ള രാത്രിയില്‍ ടി.പിയെ അന്‍പത്തി 

ഒന്ന് വെട്ടില്‍ ഇല്ലാതാക്കി. കുലംകുത്തിയെന്നും വര്‍ഗവഞ്ചകനെന്നും പിന്നെയും നിരന്തരം വിശേഷിപ്പിച്ചു. ടി.പി ഉയര്‍ത്തിയ രാഷ്ട്രീയ സന്ദേശം പിന്തുടര്‍ന്ന ഭാര്യ കെ.കെ.രമ ഒന്‍പത് വര്‍ഷത്തിനിപ്പുറം വടകരയിലെ നിയുക്ത എം.എല്‍.എയാണ്. 

ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലും വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍.എം.പി.ഐയുടെ കരുത്തിന് ഇളക്കം വന്നിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു. കടത്തനാടന്‍ മണ്ണില്‍ ടി.പി.ചന്ദ്രശേഖരന്‍ പാകിയ ശരിയുടെ വിത്തുകള്‍ നന്നായി മുളയ്ക്കുമെന്നതിന്റെ തെളിവാണ് വടകരയിലെ വിളവെടുപ്പ്. 

MORE IN KERALA
SHOW MORE
Loading...
Loading...