മണിയാശാൻ രണ്ടാമൂഴത്തിൽ മന്ത്രിയാവില്ലേ?; ഉടുമ്പൻചോലയുടെ കാത്തിരിപ്പ്

mmmaniwb
SHARE

എംഎം മണിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ ഉടുമ്പന്‍ചോലക്കാര്‍ കാത്തിരിക്കുന്നത് രണ്ടാം പിണറായി മന്ത്രി സഭയില്‍ എം.എം.എണിക്ക് രണ്ടാം ഊഴമുണ്ടാകുമോയെന്നറിയാനാണ്. ഉണ്ടായാലും ഇല്ലെങ്കിലും ഇടുക്കിയിലെ മണിയാശാനില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ കരുത്തനിലേക്ക് മണിയെ ഉയര്‍ത്തുന്നതാണ് ഈ വന്‍ വിജയം. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയിട്ടും ഉടുമ്പന്‍ചോലയിലെ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിലെ ചോർച്ച വരും ദിവസങ്ങളിൽ യുഡിഎഫിലും ചർച്ചയാവും.

മണിയാശാന്റെ  പ്രസംഗം പോലെ ഉടുമ്പൻചോലയിലെ വോട്ടെണ്ണലിലും ഒരു വൺ, ടൂ, ത്രീ താളമുണ്ടായിരുന്നു. മാലപ്പടക്കത്തിനു തിരികൊളുത്തിയ പോലെയായിരുന്നു ഭൂരിപക്ഷം കുതിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിന്നു ഇത്തവണ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്. തുടർച്ചയായ രണ്ടാം ജയത്തിലൂടെ ഇടുക്കി സിപിഎമ്മിലെ കരുത്തൻ എന്ന സ്ഥാനത്തിനൊപ്പം സംസ്ഥാന നേതാക്കളിലെ കരുത്തനെന്നുകൂടിയാണ് മണി തെളിയിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ എം.എം. മണി ഇത്തവണ മത്സരത്തിനുണ്ടാവില്ലെന്ന അഭ്യൂഹങ്ങൾ പരന്നപ്പോള്‍ പല നേതാക്കളും ഉടുമ്പൻചോല സീറ്റിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ, എം.എം. മണിക്ക് ഒരു പ്രാവശ്യം കൂടി അവസരം നൽകണമെന്നായിരുന്നു ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടെയും വികാരം. ജില്ലയ്ക്കു പുറത്തുനിന്നു പലരുടെയും പേര് ഉയർന്നപ്പോഴും പ്രവർത്തകർ എം.എം. മണിക്ക് ഒപ്പം നിന്നു. കൊലവിളി പ്രസംഗത്തിലൂടെയും എതിരാളികള്‍ക്കു നൽകുന്ന മറുപടികളിലൂടെയും എന്നും വിവാദങ്ങൾക്കൊപ്പം നടന്നിരുന്ന നേതാവായിരുന്നു എം.എം. മണി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിലൂടെയും വൈദ്യുത വകുപ്പ് മന്ത്രിയുടെ മികച്ച പ്രകടനത്തിലൂടെയും  പ്രതിഛായ മാറ്റിയെടുക്കാൻ എം.എം. മണിക്കു സാധിച്ചുവെന്നതാണു മൃഗീയ ഭൂരിപക്ഷത്തിനു കാരണമായത്. തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ പ്രയോഗവും എം.എം. മണിയുള്ള വേദിയിൽ നിന്നു മുൻ എംപി ജോയ്സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശവുമെന്നും മണിയുടെ തേരോട്ടത്തെ തെല്ലും ബാധിച്ചിട്ടില്ല. വീട്ടിലെ മുതിർന്ന കാരണവരിൽ നിന്നുണ്ടാകുന്ന നാക്കുപിഴ പോലെ അതു ജനങ്ങൾ ക്ഷമിച്ചു എന്നതിന് തെളിവാണ് 38305 എന്ന ഭൂരിപക്ഷം. 

MORE IN KERALA
SHOW MORE
Loading...
Loading...