കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്

reaction4
SHARE

നിയമസഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്. ആലപ്പുഴയില്‍ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഡിസിസി പ്രസിഡന്‍റ് എം.ലിജു രാജി വച്ചു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയും പ്രഖ്യാപിച്ചു. 

തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ട് മാറ്റത്തിന് തയാറാകണമെന്ന മുറവിളിയാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആലസ്യം പരാജയകാരണമായെന്ന് പിടി തോമസ് ചൂണ്ടിക്കാട്ടി. തെറ്റുകള്‍ കണ്ടെത്തി തിരുത്തണം

പാര്‍ട്ടി സംവിധാനം ദുര്‍ബലമാണെന്നും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി മാറണമെന്നും ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയിലെ വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള എം.ലിജുവിന്‍റെ രാജി. കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണമെന്ന ആവശ്യപ്പെട്ട ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറും രാജിസന്നദ്ധത വ്യക്തമാക്കി.

വടക്കാഞ്ചേരിയിലെ തോല്‍വിക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള അനില്‍ അക്കരയുടെ പിന്‍മാറ്റം. കോണ്‍ഗ്രസ് അടിത്തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന അഭിപ്രായക്കരനാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. ഇടുക്കിയില്‍ യുഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന പരാതിയാണ് ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തുന്നത്.

കഴക്കൂട്ടത്തെ തോല്‍വിയില്‍ പരിഭവമോ പരാതിയോ ഇല്ലെന്ന് ഡോക്ടര്‍ എസ്.എസ്.ലാല്‍ വ്യക്തമാക്കി. കൊച്ചിയില്‍ പിണറായിയുടെ ബി ടീമായ ട്വന്‍റി 20യാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന് സ്ഥാനാര്‍ഥി ടോണി ചമ്മണി ആരോപിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി യുഡിഎഫിലും കോണ്‍ഗ്രസിലും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...